ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ നിരോധന (പിഎംഎൽഎ) നിയമത്തിലെ നിർണായകവകുപ്പുകളുടെ നിയമസാധുത ശരിവച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സര്വ്വാധികാരം നല്കിയ വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തുറന്നകോടതിയിൽ വാദംകേൾക്കും. വ്യാഴാഴ്ച ഹർജി പരിഗണിക്കുമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് അറിയിച്ചു. സാധാരണഗതിയിൽ പുനഃപരിശോധനാഹർജികൾ ജഡ്ജിമാർ ചേംബറിലാണ് പരിഗണിക്കുന്നത്. ആവശ്യമെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ തുറന്നകോടതിയിൽ വാദംകേൾക്കാം.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ്മഹേശ്വരി, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് ജൂലൈ 27ന് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടൽ, ജാമ്യത്തിനായുള്ള കര്ശന വ്യവസ്ഥകള് തുടങ്ങിയവയില് ഇഡിക്കുള്ള പ്രത്യേക അധികാരം അംഗീകരിക്കുന്നതായിരുന്നു വിധി. ഇഡി പൊലീസ് അല്ലെന്നും ഇഡിയുടെ പ്രഥമാന്വേഷണ റിപ്പോര്ട്ട് രഹസ്യരേഖയായി കാണക്കാമെന്നും വിധിയിൽ പറയുന്നു.
ഉത്തരവില് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അസാധാരണസാഹചര്യങ്ങളിൽ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിന്യായത്തിൽ ചീഫ്ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ, പുനഃപരിശോധനാഹർജിയിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും.
വിധി പുറപ്പെടുവിച്ചതിന്റെ പിറ്റേദിവസം ജസ്റ്റിസ് എ എം ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിൽ ചീഫ്ജസ്റ്റിസും നേരത്തേ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ അംഗമായിരുന്ന രണ്ട് ജഡ്ജിമാരും അംഗങ്ങളായ പുതിയ ബെഞ്ചാണ് പുനഃപരിശോധനാഹർജി പരിഗണിക്കുക.