ടോക്യോ
രണ്ടുതവണ ലോകചാമ്പ്യനായ ജപ്പാന്റെ കെന്റോ മൊമൊട്ടയെ അട്ടിമറിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് പ്രീ ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് മിന്നുന്ന ജയം. സ്കോർ: 21-–-17, 21-–-16. മറ്റൊരു ഇന്ത്യൻതാരം ലക്ഷ്യ സെന്നുമായി ഇന്നാണ് പ്രീ ക്വാർട്ടർ. സ്പെയ്നിന്റെ ലൂയിസ് എൻറിക്വെ പനൊൽവെറിനെയാണ് കോമൺവെൽത്ത് ചാമ്പ്യനായ ലക്ഷ്യ മറികടന്നത് (21–-17, 21–-10).
കരുത്തനായ കെന്റോയ്ക്കെതിരെ കളിജീവിതത്തിലെ ആദ്യ ജയമാണ് പ്രണോയ് കുറിച്ചത്. മുമ്പ് ഏഴുതവണയും തോൽവിയായിരുന്നു. അതിൽ ആകെ കിട്ടിയത് ഒറ്റ ഗെയിംമാത്രം. ഇക്കുറി കളിയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കിയ തിരുവനന്തപുരത്തുകാരൻ 54 മിനിറ്റിൽ വിജയം സ്വന്തമാക്കി. എന്നാൽ, പ്രീ ക്വാർട്ടറിൽ പ്രണോയിയും ലക്ഷ്യയും നേർക്കുനേർ എത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടുപേരിലും മെഡൽ പ്രതീക്ഷയുണ്ടായിരുന്നു. ഇനി ഒരാൾക്കുമാത്രമേ മുന്നേറാനാകു.
നിലവിലെ വെള്ളിമെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് രണ്ടാംറൗണ്ടിൽ പുറത്തായി. ചൈനയുടെ ഹാംവാ ജുൻപെങ്ങിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി (9–-21, 17–-21). പുരുഷ ഡബിൾസിൽ മലയാളിതാരം എം ആർ അർജുനും ധ്രുവ് കപിലയും, സാത്വിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യവും പ്രീ ക്വാർട്ടറിൽ കടന്നു. വനിതാ ഡബിൾസിൽ മലയാളിയായ ട്രീസ ജോളി–-ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട് ഉൾപ്പെടെ എല്ലാ ടീമും പുറത്തായി. അശ്വിനി പൊന്നപ്പ–-സിക്കി റെഡ്ഡി, അശ്വിനി ഭട്ട്–-ശിഖ ഗൗതം, പൂജ ദന്ദു–-സഞ്ജന സന്തോഷ് സഖ്യങ്ങളെല്ലാം രണ്ടാംറൗണ്ടിൽ വീണു.