തൃശൂർ
പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിക്കണമെന്ന് തൃശൂരിൽ ചേർന്ന കേരള പ്രവാസി സംഘം ആറാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിനാകെ മാതൃകയായ പ്രവാസി ക്ഷേമ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുന്നത്. പ്രവാസികൾക്ക് പെൻഷനും ക്ഷേമപദ്ധതികളും മറ്റൊരു സംസ്ഥാനത്തും ഇല്ല. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമാണ് ഇന്ത്യ.വലിയ തോതിൽ വിദേശ നാണ്യശേഖരം രാജ്യത്തിന് നൽകുന്നവരാണ് പ്രവാസികൾ.
എന്നാൽ, കേന്ദ്രസർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണന തുടരുകയാണ്. പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും കേന്ദ്രം നടപ്പാക്കുന്നില്ല. കോവിഡ് പാക്കേജിലും കേന്ദ്രം പ്രവാസികളെ പാടെ അവഗണിച്ചു. ഈ അവണഗനയ്ക്കിടയിലും പ്രവാസികൾക്ക് കൈത്താങ്ങായത് സംസ്ഥാന സർക്കാരാണ്. കേരളത്തിലെ പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിക്കണം. കേരളം സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഗഫൂർ പി ലില്ലീസ് പ്രസിഡന്റ്,
കെ വി അബ്ദുൾ ഖാദർ ജനറൽ സെക്രട്ടറി
കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി ഗഫൂർ പി ലില്ലീസിനെയും ജനറൽ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെയും തൃശൂരിൽ ചേർന്ന ആറാമത് സംസ്ഥാന സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ബാദുഷ കടലുണ്ടിയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: സി കെ കൃഷ്ണദാസ്, കെ വിജയകുമാർ, പീറ്റർ മാത്യു, ഇ എം പി അബൂബക്കർ, ഷാഫിജ (വൈസ് പ്രസിഡന്റുമാർ), പി സെയ്താലിക്കുട്ടി, ആർ ശ്രീകൃഷ്ണപിള്ള, പി കെ അബ്ദുള്ള, സജീവ് തൈക്കാട് (സെക്രട്ടറിമാർ), വി കെ ഉമ്മർ, പ്രശാന്ത് കൂട്ടാമ്പള്ളി, എം യു അഷറഫ് ( എക്സി. അംഗങ്ങൾ).
രണ്ടു ദിവസമായി തൃശൂരിൽ ചേർന്ന സമ്മേളനം ബുധനാഴ്ച വൈകിട്ട് സമാപിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രവാസി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സിദ്ദിക് അഹമ്മദ്, ജെ കെ മേനോൻ, പ്രദീപ് ചേമ്പിൽ, എം ജെ നവാസ്, കെ ബി മുരളി എന്നിവരെ ആദരിച്ചു.