ന്യൂഡൽഹി
ബിഹാറിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന മഹാസഖ്യ സർക്കാർ വിശ്വാസവോട്ട് നേടി. 160 എംഎൽഎമാർ പിന്തുണച്ചു. ബിജെപി ബഹിഷ്കരിച്ചതോടെ പ്രതിപക്ഷത്തെ ഒറ്റയംഗംപോലും എതിർത്ത് വോട്ട് ചെയ്തില്ല. ജെഡിയു, ആർജെഡി, കോൺഗ്രസ്, സിപിഐ എം, സിപിഐ എംഎൽ, സിപിഐ, എച്ച്എഎം പാർടി എംഎൽഎമാർ വോട്ട് രേഖപ്പെടുത്തി.
ഭരണസഖ്യത്തിനു പുറത്തുള്ള അസദുദ്ധീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ ഏക അംഗമായ അക്തറുൽ ഈമാനും വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.ഡെപ്യൂട്ടി സ്പീക്കർ മഹേശ്വര് ഹസാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി. വിശ്വാസപ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. കേന്ദ്രഭരണത്തിൽ പബ്ലിസിറ്റിയല്ലാതെ മറ്റൊന്നുമില്ലെന്ന് നിതീഷ് പറഞ്ഞു. ഏതു സംസ്ഥാനത്ത് പരാജയഭീതി ഉണ്ടായാലും മരുമക്കളായ സിബിഐ, ഇഡി, ആദായനികുതി വിഭാഗങ്ങളെ പറഞ്ഞുവിടലാണ് ബിജെപി ചെയ്യുന്നതെന്ന് തേജസ്വി യാദവ് പരിഹസിച്ചു.
ഡെപ്യൂട്ടി സ്പീക്കർക്ക്
ചുമതല നൽകാതെ സ്പീക്കറുടെ രാജി
വിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിക്ക് ചുമതല നൽകാതെ ജെഡിയുവിലെ മുതിർന്ന അംഗം നരേന്ദ്ര നാരായൺ യാദവിനാണ് സിൻഹ ചുമതല കൈമാറിയത്. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. രാജിപ്രഖ്യാപനത്തോടൊപ്പം സഭ പകൽ രണ്ടുവരെ പിരിയുന്നുവെന്നും ചുമതല യാദവിന് കൈമാറുന്നുവെന്നും അറിയിച്ചതോടെ ഭരണകക്ഷി പ്രതിഷേധിച്ചു. പിന്നാലെ ചുമതലയേറ്റ നരേന്ദ്ര നാരായൺ യാദവ്, നിയമപ്രകാരം ചുമതല ഡെപ്യൂട്ടി സ്പീക്കർക്ക് കൈമാറുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് മഹേശ്വര് ഹസാരിയുടെ നേതൃത്വത്തിലായിരുന്നു വിശ്വാസ പ്രമേയ വോട്ടെടുപ്പ്.
വിശ്വാസവോട്ടെടുപ്പിനിടെ സിബിഐ റെയ്ഡ്
മഹാസഖ്യ സർക്കാർ വിശ്വാസവോട്ട് തേടിയ ബുധനാഴ്ച മുതിർന്ന ആർജെഡി നേതാക്കളുടെ വസതിയടക്കം രാജ്യത്തെ 20 കേന്ദ്രത്തിൽ റെയ്ഡ് നടത്തി സിബിഐ. ഡൽഹി, ഗുരുഗ്രാം, ഹരിയാന, പട്ന, കതിഹാർ, ബിഹാറിലെ മധുബനി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റേതെന്ന് ആരോപിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ–- 71 ലെ പണിപൂർത്തിയാകുന്ന മാളിലും പരിശോധന നടന്നു. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ആർജെഡി പ്രതികരിച്ചു.ആർജെഡി നേതാക്കളായ സുനിൽ സിങ്, അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഒന്നാം യുപിഎ സർക്കാരിൽ റെയിൽ മന്ത്രിയായിരുന്ന ലാലുപ്രസാദിന്റെ കാലത്ത് റിക്രൂട്ട്മെന്റിന് കൈക്കൂലിയായി ഭൂമി ലഭിച്ചെന്ന കേസിലാണ് നടപടി. ബിഹാറിൽ ഭരണമാറ്റമുണ്ടായതോടെ ഏജൻസികളെ വിട്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ആക്ഷേപമുയർന്നു.