ചെന്നൈ
ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളികളുടെ മോചനം മനുഷ്യരാശിക്ക് അപമാനമാണെന്ന് നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വീറ്റ്. ബലാത്സംഗം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത് ആത്മാവിനേറ്റ മുറിവുമായി ജീവിക്കേണ്ടിവന്ന സ്ത്രീയോടുള്ള നീതികേടാണിത്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരാളും രക്ഷപ്പെടരുത്. അങ്ങനെ ചെയ്താല്‍ സ്ത്രീത്വത്തിനും മനുഷ്യത്വത്തിനും അപമാനമാണെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
രാഷ്ട്രപതിക്ക്
420 പേരുടെ കത്ത്
ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാംത്സംഗം ചെയ്ത കേസിലെ 11 കുറ്റവാളികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയയിലെ 420 പേര് രാഷ്ട്രപതിക്ക് കത്തയച്ചു. മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ, മിഷന് ശക്തി എന്നിവ പൊള്ളത്തരങ്ങളാണെന്നതിന്റെ സൂചനയാണ് കുറ്റവാളികളുടെ മോചനമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അവര്‍ പറഞ്ഞു.