ന്യൂഡൽഹി
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നതിനായി ഞായറാഴ്ച കോണ്ഗ്രസ് പ്രവർത്തക സമിതി ചേരും. രാഹുല് മടിച്ചുനില്ക്കുന്നതിനാല് സോണിയ കുടുംബത്തിന്റെ വിശ്വസ്തര്ക്കാണ് സാധ്യത. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവര്ക്ക് സാധ്യത. പ്രസിഡന്റുസ്ഥാനം ഏറ്റെടുക്കാൻ സോണിയ ഗെലോട്ടിനോട് നേരിട്ട് അഭ്യർഥിച്ചതായി സൂചനയുണ്ട്. എന്നാല് രാഹുൽസ്ഥാനം ഏറ്റെടുക്കണമെന്ന് ആവർത്തിച്ച ഗെലോട്ട് അല്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രസിഡന്റാകേണ്ടി വന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്നതാണ് ഗെലോട്ടിനെ പിന്നാക്കം വലിക്കുന്നത്. ഭൂപേഷ് ഭാഗെലും ഇതേ പ്രതിസന്ധി നേരിടുന്നു. രാഹുൽ ഇല്ലെങ്കിൽ സോണിയതന്നെ 2024 വരെ തുടരണമെന്നാണ് കുടുംബഭക്ത നേതാക്കളുടെ നിലപാട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാല് പ്രസിഡന്റായി തുടരാൻ സോണിയ താൽപ്പര്യപ്പെടുന്നില്ല. ചികിത്സയ്ക്കായി ബുധനാഴ്ച സോണിയ വിദേശത്തേക്ക് പോയി. രാഹുലും പ്രിയങ്കയും ഒപ്പമുണ്ട്. ഇറ്റലിയിലുള്ള സോണിയയുടെ അമ്മയെ സന്ദർശിച്ചശേഷമാകും മൂന്നുപേരും മടങ്ങുക. ഓണ്ലൈനായിട്ടായിരിക്കും പ്രവർത്തക സമിതി ചേരുക.