ന്യൂഡൽഹി
ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പശ്ചാത്തലസൗകര്യ മേഖലയിലെ പദ്ധതികളിൽ സർക്കാർ സമയത്തിന് തീരുമാനമെടുക്കാറില്ലെന്നും അതൊരു പ്രശ്നമാണെന്നും അദ്ദേഹം മുംബൈയിൽ സിവിൽ എൻജിനിയർമാരുടെ സമ്മേളനത്തിൽ പറഞ്ഞു.
‘നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം. അതിനുള്ള ശേഷിയുണ്ട്. ഇന്ത്യൻ പശ്ചാത്തലസൗകര്യ മേഖലയുടെ ഭാവി ശോഭനമാണ്. എന്നാല്‍ ഏറ്റവും മികച്ച മൂലധനമാണ് സമയം. സർക്കാർ സമയത്തിന് തീരുമാനമെടുക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം’–- ഗഡ്കരി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയം കൂടുതലായി അധികാര കളിയായിമാത്രം മാറുകയാണെന്നും പലപ്പോഴും രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടെന്നും ഗഡ്കരി അടുത്തിടെ നാഗ്പുരിൽ പറഞ്ഞിരുന്നു. വാജ്പേയിയുടെയും അദ്വാനിയുടെയും ദീൻദയാൽ ഉപാധ്യായയുടെയുമൊക്കെ ശ്രമഫലമായാണ് ബിജെപി അധികാരത്തിൽ ഇരിക്കുന്നതെന്ന പരാമർശവും ഗഡ്കരി നടത്തി.
മുൻ പ്രസിഡന്റുമാരെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തുകയെന്ന കീഴ്വഴക്കം തെറ്റിച്ചാണ് മോദിയും അമിത്ഷായും ഗഡ്കരിയെ പുറത്താക്കിയത്.