മുംബൈ
തുറമുഖങ്ങള്മുതല് വൈദ്യുതനിലയങ്ങള്വരെ സ്വന്തമാക്കാനുള്ള ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ പടുകൂറ്റന്‍ നിക്ഷേപ പദ്ധതികള്‍ അതിരുകടന്നതാണെന്നും അവ വന്‍ കടക്കെണിയിലാകാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്കി ആഗോള ധന കാര്യക്ഷമത വിലയിരുത്തല്‍ ഏജന്‍സിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്സ്. അദാനിയുടെ നിക്ഷേപ പദ്ധതികള്‍ ആഴത്തില്‍ അതിരുകടന്നതാണ്. കടമെടുത്താണ് മിക്ക നിക്ഷേപവും. ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും “കടലാസില്‍’മാത്രമാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി വര്‍ഷങ്ങളായി അടക്കിവാഴുന്ന മേഖലകളിലടക്കം അദാനിഗ്രൂപ്പ് മത്സരിക്കുന്നു. അത് ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പാളിപ്പോകാന്‍ സാധ്യത ഏറെയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, ഇന്ത്യയിലെ ബാങ്കുകളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദാനിക്കുള്ള ശക്തമായ ബന്ധമാണ് ഗ്രൂപ്പിന് ശുഭപ്രതീക്ഷ നല്‍കുന്നതെന്നും ക്രെഡിറ്റ് സൈറ്റ്സ് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായില്ല. എന്നാല്‍, ഓഹരിവിപണിയില്‍ ചൊവ്വാഴ്ച അദാനിഗ്രൂപ്പിന് അഞ്ചുശതമാനംവരെ ഇടിവുണ്ടായി.