ഹെൽസിങ്കി
വിരുന്നു സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോയുടെ പേരിൽ അധിക്ഷേപിക്കപ്പെട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി ലോകമെമ്പാടുംനിന്നുള്ള സ്ത്രീകൾ. വീട്ടിലും സൗഹൃദ കൂട്ടായ്മകളിലും പൊതു ഇടങ്ങളിലുമെല്ലാം നൃത്തമാടുന്ന വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടാണ് അവർ സന്നയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
മദ്യപിച്ച് ലക്കുകെട്ടാണ് സന്ന നൃത്തമാടിയതെന്നും അവർ ലഹരി ഉപയോഗിച്ചിരുന്നെന്നുമുള്ള അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെറ്റിദ്ധാരണ മാറ്റാൻ സന്ന ലഹരിപരിശോധനയ്ക്കും വിധേയമായി. അവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ഫലം ചൊവ്വാഴ്ച വന്നു.