ന്യൂഡൽഹി
മഹാരാഷ്ട്രയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ–-ഏകനാഥ് ഷിൻഡെ പക്ഷങ്ങൾ നൽകിയ ഹർജികൾ ഭരണഘടനാബെഞ്ചിന് വിട്ട് സുപ്രീംകോടതി. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൈമാറണമെന്ന ഷിൻഡെ പക്ഷത്തിന്റെ അവകാശവാദത്തിൽ ഉടൻ തീരുമാനമെടുക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം തടയണമെന്ന് ഉദ്ധവ് താക്കറെ പക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഈ വിഷയം വ്യാഴാഴ്ച ഭരണഘടനാബെഞ്ച് മുമ്പാകെ പട്ടികപ്പെടുത്താമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ ഉറപ്പുനൽകി. അതുവരെ, തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ തീരുമാനമെടുക്കരുത്. ചീഫ്ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ കൃഷ്ണമുരാരി, ഹിമാ കോഹ്ലി എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഉത്തരംവേണ്ട
ചോദ്യങ്ങള്‍
എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോൾ, സഭാനടപടിക്രമങ്ങളുടെ അവസ്ഥ എന്താണ്?, അയോഗ്യരാക്കപ്പെട്ടവർ പങ്കെടുത്ത സഭാനടപടികൾ നിലനിൽക്കുമോ?, വിപ്പിനെയും നിയമസഭാകക്ഷി നേതാവിനെയും തീരുമാനിക്കുന്നതിൽ സ്പീക്കറുടെ അധികാരം എത്രത്തോളം?, ഏതെങ്കിലും കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനുള്ള ഗവർണറുടെ അധികാരം നിയമപരമായ പരിശോധനകൾക്ക് വിധേയമാണോ?, പാർടിപിളർപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരം എന്തൊക്കെ? –- തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഭാവിയിലെ അധികാരത്തർക്കങ്ങൾക്കും പാർടി പിളർപ്പുകൾക്കും ഭരണഘടനാബെഞ്ചിന്റെ വിധി നിർണായകമാകും.