കൊച്ചി
ചീമേനിയിലെ തുറന്ന ജയിലിൽനിന്നാണ് ഇരിങ്ങാലക്കുട സ്വദേശി ഷാ തച്ചില്ലം സിനിമയുടെ ആദ്യപാഠങ്ങൾ അറിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ ‘സർഗാത്മകതയിലൂടെ തിരുത്തൽ പ്രക്രിയ’ പദ്ധതി കഴിഞ്ഞപ്പോൾ ഷാ സിനിമയെ നെഞ്ചോടുചേർത്തു. ജയിൽ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു 15 ദിവസത്തെ ഫിലിം മേക്കിങ് കോഴ്സ്.
ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് 2018ലാണ് കോഴ്സ് കൊണ്ടുവന്നത്. കോഴ്സ് നയിച്ചത് സംവിധായകൻ എറണാകുളം സ്വദേശി ചിദംബര പളനിയപ്പൻ. മൂന്നുലക്ഷം രൂപ ചെലവഴിച്ച കോഴ്സിലൂടെ സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ആരോപണമുയർന്നത് ഷായെ വേദനിപ്പിച്ചു. അന്ന് ഒരുകാര്യം മനസ്സിലുറപ്പിച്ചു. എന്നെങ്കിലും സിനിമയെടുത്താൽ അതിൽ ഒരുപങ്ക് സർക്കാരിന് നൽകും. തിരക്കഥാകൃത്തുക്കളിൽ ഒരാളായും നടനായും പ്രൊഡക്ഷൻ കൺട്രോളറായും ഷാ പങ്കുവഹിച്ച ‘ഏകൻ അനേകൻ’ ഒടിടിയിൽ റിലീസിനായി എത്തുകയാണ്. പ്രതിഫലമായ രണ്ടുലക്ഷം രൂപയിൽനിന്ന് ഒരു ലക്ഷം ഷാ സർക്കാരിന് കൈമാറി. ചിത്രത്തിന്റെ പ്രചാരണത്തിനായി കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ ഷായിൽനിന്ന് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാര് ചെക്ക് ഏറ്റുവാങ്ങി. ചിദംബര പളനിയപ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുപ്പതുവർഷം മുമ്പ് ഇരിങ്ങാലക്കുടയിലെ ക്ഷേത്രത്തിൽ നടന്ന കത്തിക്കുത്ത് കേസിലാണ് ഷാ ജയിലിലായത്. രണ്ടാംപ്രതിയായി 2011ൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 2013 മുതൽ ചീമേനി തുറന്ന ജയിലിൽ. കോവിഡ് സമയത്ത് ഒരുവർഷം പരോൾ ലഭിച്ചപ്പോഴാണ് സിനിമയ്ക്കായി പ്രവർത്തിച്ചത്. 15 ദിവസത്തെ പരോളിലാണിപ്പോൾ. 26ന് ജയിലിൽ തിരികെയെത്തണമെന്നും അമ്പതുകാരനായ ഷാ പറഞ്ഞു.
കേരളത്തിന്റെ വിവിധഭാഗത്തുള്ള എട്ട് തിരക്കഥാകൃത്തുക്കൾ തമ്മിൽ കാണാതെയും ആശയങ്ങൾ പങ്കുവയ്ക്കാതെയും എഴുതിയ ഒറ്റ തിരക്കഥയാണ് “ഏകൻ അനേകൻ. സംവിധായകന്റെ നിർദേശപ്രകാരം ഓരോ തിരക്കഥാകൃത്തും അവരുടെ ഭാഗം പൂർത്തിയാക്കി. തമിഴ്നാട് സാത്താംകുളത്ത് നടന്ന ലോക്കപ്പ് മരണമാണ് സിനിമയ്ക്ക് പ്രേരണയായത്. വിപിൻ പാറമേക്കാട്ടിലാണ് നിർമാതാവ്. മണികണ്ഠൻ, ഗാർഗി അനന്തൻ, രാജേഷ് ശർമ, കെ യു മനോജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.