ന്യൂഡല്‍ഹി: ജനാധിപത്യവും മതനിരപേക്ഷതയുമാണു നിരവധി വ്യത്യസ്ഥതകളും വൈവിധ്യങ്ങളും ഉള്ള ബഹുസ്വര സമൂഹമായ ഇന്ത്യയുടെ പ്രധാന ശക്തിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. ലോകമെങ്ങുമുള്ള പ്രവാസികളെ ഇന്ത്യന്‍ കൊടിക്കീഴില്‍ ഒന്നിപ്പിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ (ജിഐസി) ആഭിമുഖ്യത്തില്‍ നടന്ന സ്വതന്ത്രഭാരതത്തിന്റെ 75-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഐസി ഗ്ലോബല്‍ പ്രസിഡന്റ് പി.സി. മാത്യു (അമേരിക്ക) അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിഐസി ബ്രാന്‍ഡ് അംബാസഡര്‍മാരായ സന്ദീപ് ശ്രീവാസ്തവ, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ പുതിയ വാര്‍ത്താപത്രിക, ‘ലോക ഭാരത ധ്വനി’, പ്രമുഖ പത്രപ്രവര്‍ത്തകനും ദീപിക ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജിഐസി ഗ്ലോബല്‍ ജനറല്‍ വൈസ് പ്രസിഡന്റ് പ്രൊ ജോയി പല്ലാട്ടുമഠം, ജനറൽ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ടോം ജോര്‍ജ് കോലത്ത്, ഡോ. മാത്യു ജോയിസ്, കുഞ്ഞ് സി. നായര്‍, സാന്റി മാത്യു, നാരായണ്‍ ജങ്ക, അഡ്വ.സീമ ബാലസുബ്രഹ്‌മണ്യന്‍(എംസി) തുടങ്ങിയവര്‍ പ്രസംഗിച്ചു.