തിരുവനന്തപുരം
‘മൃതിയേക്കാൾ ഭയാനകമെന്ന്’ കുമാരനാശാൻ വിശേഷിപ്പിച്ച അവസ്ഥ രാജ്യത്ത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മതക്കാർക്കും അല്ലാത്തവർക്കും ജീവിക്കാനാകുന്ന നാടായി രാജ്യത്തെ മാറ്റാനാണ് സ്വാതന്ത്ര്യ പോരാളികൾ പരിശ്രമിച്ചതെന്നും സ്വാതന്ത്ര്യത്തിന്റെ 75- സംവത്സരങ്ങൾ അനുസ്മരിച്ചുചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സവിശേഷസ്ഥാനം അവകാശപ്പെടാവുന്ന പല ഇടപെടലും കേരളത്തിലുമുണ്ടായി. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമെല്ലാം മുന്നോട്ടുവച്ച നവോത്ഥാന കാഴ്ചപ്പാടുകളെ സ്വാതന്ത്ര്യപ്രസ്ഥാനം ഏറ്റെടുത്തു. വൈക്കം, ഗുരുവായൂർ സത്യഗ്രഹവും പാലിയം സമരവുമൊക്കെ ഇതിന്റെ ഭാഗമായി. സാമ്രാജ്യത്വ സഹായികളായി വർത്തിച്ച ജന്മിത്തത്തിനെതിരായ ശക്തമായ പോരാട്ടമായിരുന്നു കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി സമരങ്ങൾ. സ്വാതന്ത്ര്യ തിരുവിതാംകൂർ കാഴ്ചപ്പാടിനെതിരെ ആലപ്പുഴയിലെ തൊഴിലാളികൾ ഉയർത്തിയ ശക്തമായ ചെറുത്തുനിൽപ്പാണ് പുന്നപ്ര–-വയലാർ പോരാട്ടം. ഉപ്പ് സത്യഗ്രഹഘട്ടത്തിൽ കടുത്ത മർദനമേൽക്കുമ്പോഴും ത്രിവർണ പതാക കൈവിടാതെനിന്ന പി കൃഷ്ണപിള്ള, സ്വാതന്ത്ര്യം ലഭിക്കുമ്പോഴും ജയിലറയിൽ കഴിയേണ്ടിവന്ന എ കെ ജി, ഏറെ ജയിൽവാസം അനുഭവിച്ച മുഹമ്മദ് അബ്ദുറഹ്മാൻ, ഐഎൻഐയുടെ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ച ക്യപ്റ്റൻ ലക്ഷ്മി, കേരള ഗാന്ധി കെ കേളപ്പൻ, കൈക്കുഞ്ഞുമായി ജയിലിലെത്തിയ എ വി കുട്ടിമാളു അമ്മ, സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സവിശേഷ ഇടപെടൽ നടത്തിയ അക്കമ്മ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ ത്യാഗനിർഭര ജീവിതമാണ് സ്വാതന്ത്ര്യലബ്ദി സാധ്യമാക്കിയത്.
ഒരേ ലക്ഷ്യത്തിനായി വ്യത്യസ്തമായ വഴികളിൽ പൊരുതിയ മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹംമുതൽ ബ്രിട്ടീഷുകാരുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടങ്ങൾവരെയുണ്ടായി. എന്ത് ഭിന്നതകളുടെ പേരിലായാലും അത്തരം പോരാളികളെ അടർത്തിമാറ്റാനുള്ള ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.