ന്യൂഡൽഹി
കേന്ദ്ര സർക്കാരിനുനേരെ അതിരൂക്ഷ വിമർശവുമായി വീണ്ടും മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതടക്കം കർഷകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കാത്തത് ചങ്ങാതിയായ അദാനിക്ക് വേണ്ടിയാണ്. അഞ്ചുവർഷംകൊണ്ട് അദാനി ലോകത്തിലെ വലിയ സമ്പന്നനായി. കർഷകരുടെ അടുത്ത് ഇഡിയെ അയക്കാൻ കഴിയാത്തതിനാൽ സർക്കാരിന് അവരെ ഭയപ്പെടുത്താനാകില്ല.
പാനിപ്പത്തിൽ അദാനി വലിയൊരു വെയർഹൗസ് നിർമിച്ചു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് ഇവിടെ സംഭരിച്ചിരിക്കുകയാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ ഗോതമ്പ് വിൽക്കും. അങ്ങനെ പ്രധാനമന്ത്രിയുടെ സുഹൃത്ത് ലാഭമുണ്ടാക്കുകയാണെന്നും മാലിക് പറഞ്ഞു. ഹരിയാനയിലെ നുഹിലെ കിരാ ഗ്രാമത്തിൽ പശു സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പ്രതികരണം.