ന്യൂഡൽഹി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത് രാജ്യത്തെ കര്‍ഷക-, ട്രേഡ് യൂണിയന് നേതാക്കള്‍. ഗുജറാത്തിൽ കർഷക സമരത്തിന്റെ പ്രതിഫലനം ഉണ്ടാകണമെന്ന് ‘ഇന്ത്യയിലെ കർഷക സമരങ്ങളുടെ ഭാവി ’ എന്ന വിഷയത്തിൽ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിൽ നേതാക്കൾ പറഞ്ഞു.
അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, സംയുക്ത കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്ത്, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ്, ജോഗീന്ദർ സിങ് ഉഗ്രഹൻ, വിജു കൃഷ്ണൻ, പി കൃഷ്ണപ്രസാദ്, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രീയപരമായി നിർണായകമായ മാസങ്ങളാണ് വരാനിരിക്കുന്നതെന്ന് സെമിനാർ വിലയിരുത്തി. ട്രാക്ടറുകൾ കർഷകരുടെ ടാങ്കുകളായി പ്രവർത്തിക്കുമെന്ന് പറഞ്ഞ ടിക്കായത്ത് കർഷക മുന്നേറ്റങ്ങൾക്കൊപ്പം ജനങ്ങൾ കേന്ദ്രസർക്കാരിനെതിരെ അണിനിരക്കുമെന്നും വ്യക്തമാക്കി. ബിജെപി സർക്കാർ അദാനിക്കും അംബാനിക്കുംവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ ഓർമിപ്പിച്ചു. സംയുക്ത കിസാൻ മോർച്ച നിർണായക ശക്തിയായി പ്രവർത്തിക്കുമെന്ന് പറഞ്ഞ ദർശൻ പാൽ മോർച്ചയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസം ഉടൻ പരിഹരിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി. കർഷക സമരം തൊഴിലാളി പ്രഷോഭങ്ങൾക്കും ഊർജമേകിയെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറിലേറെ കർഷകർ സെമിനാറിൽ പങ്കെടുത്തു. എംഎസ്പിക്ക് നിയമസാധുത നൽകാനുള്ള പോരാട്ടം ശക്തമാക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു.
പി സുന്ദരയ്യ സ്മാരക ട്രസ്റ്റും ലെഫ്റ്റ്വേർഡ് ബുക്കും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. അശോക് ധാവ്ളെ രചിച്ച ‘വെൻ ഫാർമേഴ്സ് സ്റ്റുഡ് അപ്: ഹൗ ദ് ഹിസ്റ്റോറിക് കിസാൻ സ്ട്രഗിൾ ഇൻ ഇന്ത്യ അൺഫോൾഡഡ് ’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശിപ്പിച്ചു.
ഡല്‍ഹിയില്‍ കർഷക മഹാപഞ്ചായത്ത്
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോർച്ചയിൽനിന്ന് വിട്ടുപോയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 17 സംസ്ഥാനത്തുനിന്നായി നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. തിങ്കൾ രാവിലെ വാക്കാൽ അനുമതി നൽകി. ബംഗ്ലാസാഹിബ് ഗുരുദ്വാര പരിസരത്തു നിന്നാണ് മാർച്ച് തുടങ്ങിയത്. താങ്ങുവില നിശ്ചയിക്കുക, ലോക വ്യാപാര സംഘടനയുമായി ഒപ്പിട്ട കരാറിൽനിന്ന് പിന്മാറുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.