മംഗളൂരു
ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ മരത്തടിയിൽ കെട്ടിയ തുണിയിൽ കിടത്തി രോഗിയെ ആശുപത്രിയിലെത്തിക്കാൻ രണ്ട് കിലോമീറ്റർ ചുമന്നുകൊണ്ടുപോയി. ദക്ഷിണ കന്നഡ കഡബ നൂജിപാൽ ബലകെയിലെ കമല (70)യെയാണ് രണ്ട് ബന്ധുക്കൾചേർന്ന് ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
വീഴ്ചയിൽ കാലിലെ എല്ല് പൊട്ടിയതിനെ തുടർന്നായിരുന്നു ഇവർക്ക് ആശുപത്രിയിൽ പോകേണ്ടിവന്നത്.
ബാലകെയിലേക്കുള്ള മൺറോഡ് ഗതാഗതയോഗ്യമല്ലാത്തതിനെ തുടർന്ന് വാഹനങ്ങൾ വരാറില്ല. തുടർന്ന് കമലയെ ചുമന്ന് ഇഞ്ചിറയിലെത്തിച്ച് അവിടെനിന്ന് ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവരെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉത്തരേന്ത്യയിലേത് അല്ലെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ബലകെ നിവാസികൾക്ക് അടുത്ത ടൗണായ നൂജിബലെയിലേക്ക് എത്താൻ രണ്ട് മാർഗമുള്ളതിൽ ഒന്ന് നദിയിൽ വെള്ളം കയറിയതിനാൽ യാത്ര സാധ്യമല്ല. രണ്ടാമത്തെ റോഡാണ് ഗതാഗതയോഗ്യമല്ലാതായത്. ഗതാഗതയോഗ്യമായ റോഡും നദിക്ക് കുറുകെ പാലവും വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികാരികൾ ഇവരെ സന്ദർശിച്ചു.