ജയ്പുർ
പശുക്കളെ കൊല്ലുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി രാജസ്ഥാനിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ജ്ഞാൻ ദേവ് അഹുജ. ഗോവധം ആരു ചെയ്തായും അവരെ കൊല്ലണമെന്നും ‘നമ്മൾ ഇതിനകം അഞ്ചുപേരെ കൊലപ്പെടുത്തി’യെന്നും ജ്ഞാൻദേവ് പറഞ്ഞു. വെള്ളിയാഴ്ച ഗോവിന്ദ്ഗഢിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്ന ചിരഞ്ജി ലാലിന്റെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇയാൾ കൊലവിളി നടത്തിയത്. ‘‘ചിരഞ്ജി ലാലിനെ കൊലപ്പെടുത്തിയവരെ വധിക്കാൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്. അവരെ ഞങ്ങൾ ജാമ്യത്തിൽ പുറത്തിറക്കുമെന്നും ജ്ഞാൻ ദേവ് പറഞ്ഞു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം വിവാദമായതോടെ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. പശുക്കടത്ത് ആരോപിച്ച് 2017ൽ ക്ഷീരകര്ഷകന് പെഹ്ലു ഖാനെയും 2018ൽ റക്ബർ ഖാനെയും വധിച്ചതിനെപ്പറ്റിയും വീഡിയോയിൽ പറയുന്നു. 2017, 2018 വർഷങ്ങളിൽ ഈ കൊലപാതകങ്ങൾ നടക്കുമ്പോൾ പ്രദേശങ്ങൾ ഉൾപ്പെടുന്ന രാംഗഢിലെ എംഎൽഎയായിരുന്നു ജ്ഞാൻ ദേവ്. എന്നാൽ, മറ്റു മൂന്ന് കൊലകൾ ഏതെന്നു വ്യക്തമായിട്ടില്ല. അതേസമയം, തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പശുക്കടത്തിലും കശാപ്പിലും ഉൾപ്പെട്ട ആരെയും വെറുതെവിടില്ലെന്നും ജ്ഞാൻ ദേവ് അഹുജ പറഞ്ഞു.