മുംബൈ> 2008ലെ ഭീകരാക്രമണത്തിന് (26/11) സമാന രീതിയിൽ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനില്‍നിന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് ട്രാഫിക് കണ്ട്രോള് സെല്ലിന്റെ വാട്സാപ് നമ്പരിലേക്ക് വെള്ളി രാത്രി 11.30നാണ് ഹിന്ദിയിലുള്ള ഭീഷണി സന്ദേശമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബെയ്ക്ക് സമീപമുള്ള വിരാറിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.
മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുംബൈയിൽ ആറ് പേര് ചേര്‍ന്നാകും ഭീകരാക്രമണം നടത്തുകയെന്നും രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നതിന് സമാന ആക്രമണമുണ്ടാകുമെന്നും തുടരെ തുടരെയായി വന്ന സന്ദേശത്തിൽ പറയുന്നു. അൽ ഖായ്ദയുടെ മേധാവിയായിരുന്ന അയ്മൻ അൽ സവാഹിരി,മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് എന്നിവരെപ്പറ്റിയും സന്ദേശത്തിൽ പരാമർശമുണ്ട്.
വ്യാഴാഴ്ച മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ബോട്ട് ഓസ്ട്രേലിയൻ പൗരന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.