ചാത്തന്നൂർ> കച്ചവടത്തിന് എത്തിച്ച എംഡിഎംഎയുമായി നാലുപേർ പിടിയിൽ. പാരിപ്പള്ളി നെടിയവിള കോട്ടയ്ക്കേറത്ത് ശ്രീഹരിയിൽ വിഷ്ണു എന്ന അഭിലാഷ് (22), കല്ലുവാതുക്കൽ പാമ്പുറം എസ്എസ് ഭവനിൽ അച്ചു എന്ന സുമേഷ് (24), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനിൽ അനീഷ് (27), പുത്തൻകുളം ഇടപണ രാഹുൽ വിഹാറിൽ മുന്ന എന്ന റോബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാംപ്രതി അഭിലാഷാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്നുകൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിയിരുന്നത്. മയക്കുമരുന്ന് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും എത്തിയതായിരുന്നു മറ്റ് മൂന്നുപേർ. ഇവരുടെ മൊബൈൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന്. അഭിലാഷിന്റെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ശനി പകൽ രണ്ടോടെ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 31.400 ഗ്രാം എംഡിഎംഎ പിടികൂടിയത്.
അറസ്റ്റിലായവർ നേരത്തെ ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. വ്യാപകമായി വിൽപ്പന നടത്താനാണ് ഇയാൾ വൻതോതിൽ മാരക മയക്കുമരുന്ന് ശേഖരിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പാരിപ്പള്ളി എസ്എച്ച്ഒ എ അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ സുരേഷ്കുമാർ, ജിഎസ്ഐമാരായ രാമചന്ദ്രൻ, രാജേഷ്, സാബുലാൽ, അജിത്, സിപിഒമാരായ സിജു മനോജ്, അനൂപ്, നൗഷാദ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.