കാക്കനാട്> ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ് കൃഷ്ണൻ (23) കൊല്ലപ്പെട്ടത് -മംഗലാപുരത്തു നിന്ന് വാങ്ങിയ കഞ്ചാവിന്റെ പേരിൽ. മംഗലാപുരത്തു നിന്ന് കഞ്ചാവ് വാങ്ങാൻ പ്രതി അർഷാദ്, സജീവ് കൃഷ്ണന് 55000 രൂപ നൽകിയിരുന്നതായി ഇൻഫോപാർക്ക് പൊലീസ് പറഞ്ഞു. സജീവ് ട്രെയിനിൽ കഞ്ചാവ് കൊച്ചിയിൽ എത്തിച്ചു. സജീവ് ഇതിൽ ഭൂരിഭാഗവും വിറ്റിട്ടും അർഷാദിന് പണം തിരികെ നൽകിയില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് അർഷാദ് പറയുന്നത്. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് അർഷാദെന്ന് പൊലീസ് പറഞ്ഞു.
അർഷാദിനെ ശനി വൈകിട്ട് ആറിനാണ് പൊലീസ് കൊലപാതകം നടന്ന കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാത്രി എട്ടു വരെ തെളിവെടുപ്പ് നീണ്ടു. തൃക്കാക്കര എസിപി പി വി ബേബി, ഇൻഫോപാർക്ക് സിഐ ബിബിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലായിതുന്നു തെളിവെടുപ്പ്. സജീവിന്റെ സഹതാമസക്കാരായ ഷിബിലി, അംജദ് എന്നിവരെ തെളിവെടുപ്പിനിടെ ഫ്ലാറ്റിലേക്ക് വരുത്തി.
അർഷാദ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. മുറിയിലെ ചോരപ്പാടുകൾ കഴുകിക്കളയാൻ ഉപയോഗിച്ച ചൂലൂം കണ്ടെടുത്തു. അർഷാദ് ഫ്ലാറ്റിൽ വരുമ്പോൾ തൊപ്പി വച്ച് തല താഴ്ത്തിയാണ് നടന്നിരുന്നതെന്ന് സമീപ മുറികളിൽ താമസിച്ചിരുന്നവർ പൊലീസിനോട് പറഞ്ഞു. അർഷാദിനെ ഇവർ തിരിച്ചറിഞ്ഞു.