ദുബായ്> അറ്റ്ലസ് രാമചന്ദ്രന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ ആൽബം സംഗീത സംവിധായകൻ എം ജയചന്ദ്രൻ അദ്ദേഹത്തിൻറെഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ബർദുബായിലെ വസതിയിൽ, ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന ലളിതമായ ചടങ്ങിലാണ് വീഡിയോ ആൽബം പുറത്തിറക്കിയത്. അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തുന്നവരാണ് ഗുരുക്കൻമാരെന്നും അത്തരത്തിൽ നോക്കുമ്പോൾ അറ്റ്ലസ് രാമചന്ദ്രൻ തൻറെ ഗുരുവാണെന്നും എം. ജയചന്ദ്രൻ പറഞ്ഞു.
താൻ വീണപ്പോഴൊക്കെ കൈപിടിച്ചുയർത്തിയയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതകാലത്തും എല്ലാവരും ഒപ്പം നിന്നെന്നും താൻ കൊടുത്ത സ്നേഹമാണ് തിരികെ കിട്ടുന്നതെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. രാമചന്ദ്രൻറെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ പ്രമുഖരുമൊത്തുള്ള പഴയകാല ചിത്രങ്ങളും അനുഭവങ്ങളുമാണ് ആൽബത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സഹോദരൻ എം എം രാമപ്രസാദ് മേനോൻ കുറിച്ച വരികൾക്ക് ഈണം നൽകിയത് രഞ്ജിത് മേലേപ്പാട്ടാണ്. നിർമാണവും ആശയസാക്ഷാത്കാരവും മകൾ ഡോ മഞ്ജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.
രാജ്യങ്ങളുടെ അതിർത്തികൾ താണ്ടി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും കലയും, സാഹിത്യവും, സഹജീവി സ്നേഹവും പരസ്പരപൂരകങ്ങളാക്കി ജീവിതത്തെ ലാളിത്യത്തോടെ നോക്കി കണ്ട അറ്റ്ലസ് രാമചന്ദ്രന് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ ആശംസാ സന്ദേശങ്ങളാണ് എൺപതാം പിറന്നാൾ വേളയിൽ ഒഴുകിയെത്തിയത്.