മലപ്പുറം > പി പി ജാനകിക്കുട്ടിയുടെ സ്മരണയ്ക്കായി പി.പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം പെരിന്തല്‍മണ്ണ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ 2022 – ലെ കവിതാ പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിയുടെ ‘കവിത വഴിതിരിയുന്ന വളവുകളിൽ’ എന്ന കൃതിയ്ക്ക് ലഭിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പട്ടാമ്പി ഗവ. കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സംഗീത ചേനംപുല്ലി ഒറ്റപ്പാലം മുണ്ടനാട്ടുകര സ്വദേശിയാണ്. ആലിപ്പറമ്പ് മുണ്ടന്കോടി രാംദാസ് ആണ് ഭര്‍ത്താവ്. ചില ഓർമ്മകളുടെ ഭാരങ്ങളും പ്രാചീനഗന്ധങ്ങളും അനുഭൂതികളും പൊതിഞ്ഞുനിൽക്കുന്നതാണ് സംഗീത ചേനംപുല്ലിയുടെ കവിതകളെന്നും, പെണ്ണവസ്ഥകളുടെ രാഷ്ട്രീയവും, ഒപ്പം തുറന്ന രാഷ്ട്രീയപരിസരവും സംഗീതയുടെ കവിതകളിൽ കരുത്തിൻ്റെ ഭാഷ ചമയ്ക്കുന്നതായി അനുഭവപ്പെടുന്നു എന്നും വിധികർത്താക്കളായ ഡോ. കെ പി മോഹനൻ, പി എസ് വിജയകുമാർ, അജിത്രി എന്നിവർ വിലയിരുത്തി.
പറഞ്ഞുതീരാതെ, ഏതോ വളവുകളിൽനിന്നും തിരിവുകളിൽനിന്നും കവിത തുരന്നെടുക്കാൻ കവി പ്രദർശിപ്പിച്ച ആർജ്ജവമാണ് അൻപതിൽപരം കവിതാസമാഹാരങ്ങളിൽ നിന്നും ഈ കൃതിയെ മുന്നിൽ നിറുത്താനിടയാക്കിയതെന്ന് പുരസ്കാര നിർണ്ണയസമിതി അറിയിച്ചു. പുരസ്കാരം ആഗസ്ത് 23 ന് വൈകുന്നേരം 4 ന് പെരിന്തൽമണ്ണ വച്ച് നടക്കുന്ന പി പി ജാനകിക്കുട്ടി അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കഥാകാരൻ വൈശാഖൻ സമ്മാനിക്കും.