റിയാദ് > പക്ഷാഘാതത്തെ തുടർന്ന് രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനിൽ തങ്കമ്മയെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു.
പതിനഞ്ച് വർഷമായി റിയാദിലെ നസീമിൽ എ സി ടെക്നീഷ്യനാണ് സുനിൽ തങ്കമ്മ. ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായ സുനിലിനെ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടരമാസത്തെ ചികിൽസക്ക് ശേഷവും അസുഖത്തിന് കാര്യമായ മാറ്റമില്ലാത്തതിനാൽ തുടർ ചികിത്സക്കായി നാട്ടിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ആശുപത്രിയിൽ ഒടുക്കേണ്ടിയിരുന്നത്. എന്നാൽ അത്രയും തുക കണ്ടെത്തുകയെന്നത് സുനിലിന് പ്രായസമായതിനാൽ ഇന്ത്യൻ എമ്പസ്സിയുടെ സഹായത്തോടെ കേളി ജീവകാരുണ്യ കമ്മറ്റി ഇടപെട്ടാണ് നാട്ടിൽ പോകുന്നതിനുള്ള വഴി ഒരുക്കിയത്.
സുനിലിന്റെ യാത്രാ ചെലവും യാത്രക്കുള്ള സ്ട്രെച്ചർ സംവിധാനം ഒരുക്കുന്ന ചെലവും എംബസിയാണ് ഏറ്റെടുത്തത്. ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ആംബുലൻസ് സൗകര്യം റിയാദിലെ ഷിഫാ അൽജസീറ പോളി ക്ലിനിക്ക് അധികൃതർ ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചികിത്സാ കാലയളവിലും നാട്ടിലെത്തിക്കുന്നതുവരെയും കേളി കുടുംബവേദി പ്രവർത്തകർ ആവശ്യമായ സഹായം സുനിലിന് നൽകിയിരുന്നു. സുനിലിന്റെ സഹോദരൻ സുരേഷ് യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച സുനിലിനെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചു.