തിരുവനന്തപുരം> കരുവന്നൂരില്‍ രോഗബാധിതയായി മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നല്കിയ നിക്ഷേപത്തുകയില്‍ 64,313 രൂപ കരുവന്നൂര്‍ ബാങ്കിലെ ദേവസിയുടെ സേവിങ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് മന്ത്രി വിഎന്‍ വാസവന്. കഴിഞ്ഞ ദിവസമാണ് നിക്ഷേപങ്ങള്‍ കുടുംബത്തിന് തിരികെ നല്കാന് തീരുമാനിച്ചത്. ഇന്ന് മന്ത്രി ആര് ബിന്ദു നേരിട്ടെത്തി തുക കൈമാറുകയും ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്- മന്ത്രി വാസവന് പറഞ്ഞു
നിക്ഷേങ്ങള്‍ തിരികെ നല്‍കുന്നതിനായി 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുന്നത്.
ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി