മംഗളൂരു
സംഘർഷം പുകയുന്ന ദക്ഷിണകന്നഡയിലെ സുള്ള്യയില്‍ ഒരു യുവാവിനെകൂടി വെട്ടിക്കൊന്നു. യുവമോർച്ച നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. സൂറത്ത്കൽ മംഗളപേട്ടെ സ്വദേശിയായ മൊബൈല്‍ഷോപ് ഉടമ ഫാസിലാണ് (23) വ്യാഴം രാത്രി വെട്ടേറ്റ് മരിച്ചത്. സൂറത്ത്കല്ലിൽ കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കവെ കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജൂലൈ 19ന് ബജ്റംഗദൾ പ്രവർത്തകർ സുള്ള്യയിൽ കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് മസൂദിനെ കൊന്നതോടെയാണ് സംഘർഷം തുടങ്ങിയത്. പിന്നാലെ 26ന് യുവമോർച്ച ജില്ലാ കൗൺസിൽ അംഗം പ്രവീൺ നെട്ടാറു (32)വിനെ വെട്ടിക്കൊന്നു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. സുള്ള്യ സവന്നൂർ സ്വദേശി സക്കീർ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
“യോഗി മോഡൽ’
വേണ്ടിവരും:
മുഖ്യമന്ത്രി ബൊമ്മെ
കുറ്റവാളികളെ ഏറ്റുമുട്ടലില്‍ വധിക്കുന്ന യുപിമോഡല് കർണാടകത്തിൽ വേണ്ടിവരുമെന്ന പരാമര്‍ശവുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. യുപി സാഹചര്യത്തിൽ യോഗി ചെയ്യുന്നത് ശരിയാണ്. സാഹചര്യമുണ്ടായാൽ അതിന് അനുസരിച്ച് മാർഗം സ്വീകരിക്കും. കേരളത്തിൽ നിന്നുള്ളവർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നുംകേരള പൊലീസിനോട് സഹായം തേടിയെന്നും ബൊമ്മെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.