തിരുവനന്തപുരം
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി. ഈ വർഷംതന്നെ 100 സീറ്റിൽ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കൂട്ടായ പരിശ്രമമാണ് വേഗത്തിൽ അനുമതി സാധ്യമാക്കിയത്. മുമ്പുണ്ടായിരുന്ന 50 സീറ്റ് 100 സീറ്റാക്കി വർധിപ്പിക്കാനായതും സർക്കാരിന്റെ നേട്ടമായി. ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം 11 ആയി. ഈ കോളേജുകളിലായി 1655 മെഡിക്കൽ സീറ്റിൽ പ്രവേശനം സാധ്യമാകും. സർക്കാർ–സഹകരണ––സ്വകാര്യ–- സ്വാശ്രയ മെഡിക്കൽ കോളേജുകളിലെല്ലാംകൂടി സംസ്ഥാനത്ത് ഇതോടെ 4205 സീറ്റായി. കോന്നി മെഡിക്കൽ കോളേജിന്റെ അനുമതിക്കുള്ള നടപടികളും അവസാനഘട്ടത്തിലാണ്. അതും അംഗീകരിക്കുന്നതോടെ 100 സീറ്റിൽകൂടി പ്രവേശനം സാധ്യമാകും.
2012ൽ കോന്നി, മഞ്ചേരി, കാസർകോട് മെഡിക്കൽ കോളേജുകൾക്കൊപ്പമാണ് ഇടുക്കി കോളേജും ചേർത്ത് അന്നത്തെ യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയത്. ഇടുക്കിയിലും മഞ്ചേശ്വരത്തും ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി ബോർഡുവച്ചു. സൗകര്യങ്ങൾ ഒരുക്കാമെന്ന ഉറപ്പിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഇടുക്കിയിൽ രണ്ട് ബാച്ച് എംബിബിഎസ് പ്രവേശനവും സാധ്യമാക്കി. എന്നാൽ, ആവശ്യമായ കിടക്കകളോ അക്കാദമിക് ബ്ലോക്കോ താമസ സൗകര്യമോ ഒരുക്കിയില്ല. ജീവനക്കാരെയും വിന്യസിച്ചില്ല. അതിനാൽ 2016 ആദ്യംതന്നെ കോളേജിന്റെ അംഗീകാരം കൗൺസിൽ റദ്ദാക്കി. ഇതോടെ പ്രവേശനംനേടിയ വിദ്യാർഥികൾ പെരുവഴിയിലായി. തുടർന്ന് അധികാരമേറ്റ എൽഡിഎഫ് സർക്കാർ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക അനുമതിയോടെ വിദ്യാർഥികളെ മറ്റ് കോളേജുകളിലേക്കുമാറ്റി കോഴ്സ് പൂർത്തീകരിക്കാൻ അവസരമൊരുക്കി. അതോടൊപ്പം ഇടുക്കിയിൽ അതിവേഗം ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. 120 അധ്യാപക തസ്തികയും 55 അനധ്യാപക തസ്തികയും 82 ഔട്ട്സോഴ്സ് തസ്തികയും സൃഷ്ടിച്ചു. അത്യാഹിത വിഭാഗം ആരംഭിച്ചു. സൗകര്യങ്ങൾ കൂട്ടി ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ചയത്തിലേക്ക് മാറ്റി. അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടൊപ്പം, പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇതെല്ലാം മെഡിക്കൽ കമീഷനെ ബോധ്യപ്പെടുത്തി എംബിബിഎസ് പുനരാരംഭിക്കാൻ അനുമതി തേടുകയായിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.