കോഴിക്കോട്
കേരളത്തിൽ വൃക്ക മാറ്റിവയ്ക്കാൻ രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത് 2230 പേർ. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പോർട്ടലിലെ മാത്രം കണക്കാണിത്. സംസ്ഥാന സർക്കാർ 500 കോടി രൂപ ചെലവിട്ട് കോഴിക്കോട്ട് ആരംഭിക്കുന്ന അത്യാധുനിക സൗകര്യമുള്ള ആശുപത്രിയും ഗവേഷണകേന്ദ്രവും അവയവമാറ്റ ശസ്ത്രക്രിയകളുടെ കാത്തിരിപ്പിന് പരിഹാരമേകും.
വൃക്ക മാറ്റിവയ്ക്കാൻ കാത്തിരിക്കുന്നവരിൽ ഒ ഗ്രൂപ്പുകാരാണ് കൂടുതൽ –- 1024 പേർ. എ ഗ്രൂപ്പുകാർ 544 പേരുണ്ട്. ബി ഗ്രൂപ്പിൽ 520ഉം എബി ഗ്രൂപ്പിൽ 142 പേരുമുണ്ട്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം കേരളത്തിൽ സാർവത്രികമാവുകയാണ്. മസ്തിഷ്ക മരണം നിർണയിക്കുന്നതിലെ നടപടിക്രമങ്ങളെ ചൊല്ലിയുള്ള കേസും വിവാദങ്ങളും ഇടക്കാലത്ത് അവയവദാനത്തിന് തിരിച്ചടിയായിരുന്നു. 2012 ആഗസ്ത് 31 മുതൽ ഇതുവരെ 340 പേരിൽനിന്നായി 972 അവയവങ്ങൾ മരണാനന്തരം ദാനംചെയ്തിട്ടുണ്ട്. ഹൃദയം–- 68, ശ്വാസകോശം–- നാല്, കരൾ –- 271, വൃക്ക–- 588, പാൻക്രിയാസ് 13, കൈ–- 22 എന്നിവ ഉൾപ്പെടെയാണിത്.
താൽക്കാലിക ആശുപത്രിയും പരിഗണനയിൽ
ചേവായൂർ ചർമ്മ രോഗാശുപത്രി കാമ്പസിലെ 20 ഏക്കറിൽ 500 കോടി ചെലവിട്ടാണ് അവയവ മാറ്റ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുന്നത്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിലെ കാലതാമസം പരിഗണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ താൽക്കാലിക ആശുപത്രി ആരംഭിക്കുന്നതും പരിഗണിക്കും. ഇതെപ്പറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നയോഗം ചർച്ചചെയ്തു.
സംസ്ഥാനത്ത്, വൃക്കരോഗികൾ കൂടിയതോടെ ഇതര സംസ്ഥാന ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് പരിഗണിച്ചാണ് അവയവം മാറ്റിവയ്ക്കലിന് മാത്രമായി ചികിത്സാകേന്ദ്രമെന്ന ആശയം രൂപംകൊണ്ടത്. അവയവദാനവും മാറ്റിവയ്ക്കലും സാർവത്രികമാക്കുകയെന്ന ലക്ഷ്യവുമുണ്ട്.