റിയാദ്> സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആലു സുഊദ് രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി യെമന്‍ സ്വദേശികളായ അസ്മ മജീദ് മുഹമ്മദ്, ഹുദൈഫ ബിന്‍ അബ്ദുല്ല നുഹ്മാന്‍ ദമ്പതികളുടെ മക്കള്‍. സയാമീസ് ഇരട്ടകളായ ‘മവദ്ദയെയും റഹ്മയെയും’, വേര്‍പെടുത്താന്‍ പ്രത്യേക ശസ്ത്രക്രിയാ സംഘത്തിന് കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മവദ്ദയുടെയും റഹ്മയുടെയും വേര്‍പിരിക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയതായി കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ: അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. സൗദിയില്‍ ഇന്ന് വിജയകരമായി നടന്നത് 52-ാമത്തെ സയാമീസ് ഇരട്ടകളുടെ വേര്‍തിരിക്കല്‍ ശസ്ത്രക്രിയ ആയിരുന്നു.
റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഓപ്പറേഷന് റൂമില്‍ ഇന്ന് രാവിലെയാണ് ഇരട്ടകളെ ശാസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറോളം എടുത്തേക്കാവുന്ന അനസ്തേഷ്യ ഘട്ടത്തിനും തുടര്‍ന്ന് അണുനശീകരണ ഘട്ടത്തിനും ശേഷമാണ് കരളിനെയും കുടലിനെയും വേര്‍തിരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് 11 മണിക്കൂര്‍ സമയമെടുക്കുമെന്ന് ഡോ. അല്‍-റബിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 6 ഘട്ടങ്ങളിലായി നടത്തുമെന്നും ടെക്നീഷ്യന്മാര്ക്കും നഴ്സിംഗ് സ്റ്റാഫുകള്‍ക്കും പുറമെ 28 ഡോക്ടര്‍മാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. പെണ്‍കുട്ടികളായ യെമനി സയാമീസ് ഇരട്ടകള്‍ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന നിലയിലാണ് ജനിച്ചത്.
ഓപ്പറേഷനില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു എന്ന് ഡോക്ടര്‍ റബീഅ അറിയിച്ചു. അതില്‍ ആദ്യത്തേത് ഓപ്പറേഷനുശേഷം ഇരട്ടകളുടെ വീണ്ടെടുക്കലായിരുന്നു. അത് ആദ്യമായി സംഭവിക്കുന്നതായിരുന്നു. കൂടാതെ അവര്‍ക്ക് രക്തം ആവശ്യമാണ്, ഇതും ആദ്യമായി സംഭവിക്കുന്നതായിരുന്നു. സൗദിയിലെ 28 ഡോക്ടര്‍മാരും വിദഗ്ധരും ചേര്‍ന്ന് നേരത്തെ കണക്കാക്കിയിരുന്ന ഓപ്പറേഷന് സമയം 11 മണിക്കൂറില്‍ നിന്ന് 5 മണിക്കൂറായി ചുരുക്കി എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും ഓപ്പറേഷന് എളുപ്പത്തില്‍ നടന്നതായും സങ്കീര്‍ണതകളൊന്നും ഉണ്ടായിട്ടില്ലെന്നും ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. വേര്‍പെടുത്തിയ കുട്ടികളെ കയ്യിലെടുത്തിരിക്കുന്ന ചിത്രം സമൂഹം മാധ്യമങ്ങളില്‍ വൈറലായി.