ദുബായ് > ശമ്പള കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം. സമയത്തിന് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് വേതന സംരക്ഷണ നിയമത്തിൽ തൊഴിൽ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് ഓരോ വിഭാഗങ്ങളും പ്രത്യേകമായി മോണിറ്റർ ചെയ്യുകയും വീഴ്ചയുടെ ഗൗരവം കണക്കിലെടുത്ത് സ്ഥാപനങ്ങൾക്കെതിരെ വിവിധ ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് അധികാരികൾ അറിയിച്ചു.
തൊഴിലാളികൾക്ക് സമയത്തിന് ശമ്പളം നൽകാതെയിരിക്കുകയും, ആനുകൂല്യങ്ങളും മറ്റും നൽകാതെ ദയാരഹിതമായി പിരിച്ചുവിടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിനെതിരെ സർക്കാർതലത്തിലുള്ള ശക്തമായ ഒരു നീക്കമായി ഇതിനെ കണക്കാക്കാവുന്നതാണ്. കോവിഡ് സമയത്ത് ദീർഘകാലമായി കമ്പനികളിൽ ജോലി ചെയ്തിരുന്ന പലരേയും ആനുകൂല്യങ്ങളും ശമ്പളവും നൽകാതെ നാട്ടിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതി ലോകത്തിൽ എല്ലായിടത്തും വലിയതോതിൽ ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള നീക്കത്തിനെതിരെയുള്ള യുഎഇ സർക്കാരിന്റെ ശക്തമായ ഇടപെടലാണ് വേജ് പ്രൊട്ടക്ഷൻ നിയമത്തിലെ പുതിയ ഭേദഗതികൾ.
തൊഴിലാളികൾക്ക് ശമ്പളവും മറ്റും സമയത്തിന് ലഭിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ സംവിധാനമാണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം. ഈ സംവിധാനത്തിലൂടെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. രണ്ടു വിധത്തിലാണ് നിരീക്ഷണം നടക്കുന്നത്. ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടുകളിൽ വേതനം എത്തുന്നുണ്ടോ എന്ന് ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കുക, സ്ഥാപനങ്ങളിൽ നേരിട്ടെത്തി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുക എന്നിവയാണ് ഈ രണ്ടു മാർഗങ്ങൾ. ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ വർക്ക് പെർമിറ്റ് നിർത്തിവയ്ക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. 50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളുടെ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കമ്പനിക്കെതിരെ നിയമനടപടികളും ആരംഭിക്കും.
കപ്പൽ ജീവനക്കാർ, വിദേശത്തെ ഓഫീസുകളിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നവർ, യുഎഇ സ്വദേശികളുടെ കീഴിലെ ടാക്സി മത്സ്യബന്ധന ബോട്ട് ജീവനക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി അല്ലാതെ ശമ്പളം നൽകാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.