ന്യൂഡൽഹി
കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനത്തിൽ ഒന്നായ ഛത്തീസ്ഗഢിൽ സംഘടനയിലെ ചേരിപ്പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിന്റെ എതിരാളിയായ മന്ത്രി ടി എസ് സിങ് ദേവ് പഞ്ചായത്ത് വകുപ്പ് രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രതിസന്ധി. ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് ഇരുനേതാക്കളും ഡൽഹിയിലെത്തി. ഭാഗെൽ സർക്കാരിനെതിരായി ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം ബുധനാഴ്ച നിയമസഭ ചർച്ചയ്ക്കെടുക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.
ഫണ്ട് അനുവദിക്കുന്നില്ലെന്ന കാരണം കാട്ടിയാണ് സിങ് ദേവ് രാജിവച്ചത്. പണമില്ലാത്തതിനാൽ പ്രധാനമന്ത്രി ആവാസ് പദ്ധതി പ്രകാരം വീടുകൾ നിർമിക്കാനാകില്ലെന്ന് ദേവ് ആരോപിച്ചിരുന്നു.
ദേവിന്റെ രാജി ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ ഭാഗെൽ സർക്കാർ പ്രതിരോധത്തിലായി. സ്വന്തം മന്ത്രിക്കുപോലും ഭാഗെൽ സർക്കാരിൽ വിശ്വാസമില്ലാതായെന്നും ഇതു പരിഗണിച്ചാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടി എസ് സിങ് ദേവിന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായയെ മോശപ്പെടുത്തിയെന്നാണ് ഭാഗെലിന്റെ നിലപാട്. തന്റെ അതൃപ്തി ഭാഗെൽ ഹൈക്കമാൻഡിനെ അറിയിച്ചു.
ഭാഗെലിനെതിരായി നേരത്തേയും ടി എസ് സിങ് ദേവ് കലാപക്കൊടി ഉയർത്തിയിരുന്നു. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനം തനിക്ക് നൽകാമെന്ന ധാരണ ഭാഗെൽ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ദേവ് പ്രതിഷേധിച്ചത്. എംഎൽഎമാരിൽ ഭൂരിഭാഗവും ഭാഗെലിനൊപ്പം നിലയുറപ്പിച്ചതിനാൽ ഹൈക്കമാൻഡ് ദേവിനെ തള്ളുകയായിരുന്നു.