കൊൽക്കത്ത
ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണത്തിലെ അഴിമതിയിൽ തന്റെ വിശ്വസ്തനായ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായിട്ടും മിണ്ടാതെ മുഖ്യമന്ത്രി മമത ബാനർജി. അധ്യാപക നിയമന അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിട്ടും പാർഥ രാജിക്ക് തയാറായിട്ടില്ല. അതേസമയം, അഴിമതിക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമെതിരെ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ശക്തമായി.
പാർഥ ചാറ്റർജിയെ ഉടൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ–എസ്എഫ്ഐ നേതൃത്വത്തിൽ ഞായറാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും മന്ത്രിയുടെ കോലം കത്തിച്ച് റോഡ് ഉപരോധിച്ചു. വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഇടതുമുന്നണി നേതാക്കൾ അറിയിച്ചു. 2011ൽ ബംഗാളിൽ അധികാരത്തിൽവന്ന ഒന്നാം മമത മന്ത്രിസഭയിലെ മദൻ മിത്ര, മൊലയ് ഘട്ടക്ക് എന്നീ രണ്ട് മന്ത്രിമാർ അഴിമതിയുടെ പേരിൽ പുറത്തുപോയി. അഴിമതിയാരോപണത്തിൽ രാജിവയ്ക്കേണ്ടിവന്ന രണ്ടു പേരും പിന്നീട് അറസ്റ്റിലായി. കോടികൾ വെട്ടിച്ച ശാരദ ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് മന്ത്രിമാരും നേതാക്കളുമുൾപ്പെടെ നിരവധിപേർക്കെതിരെ കേസുണ്ട്.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ നാരദ ഒളികാമറ അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരുൾപ്പെടെ പല തൃണമൂൽ നേതാക്കളെയും സിബിഐ അറസ്റ്റു ചെയ്തു. മമതയുടെ മരുമകനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനർജി എംപിയും ഭാര്യയും മറ്റ് പല നേതാക്കളും കോടികളുടെ വെട്ടിപ്പ് നടന്ന കൽക്കരി കുംഭകോണ കേസിൽ പ്രതികളാണ്. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പാർഥ ചാറ്റർജി ജോലി രാജിവച്ചാണ് തൃണമൂലിൽ ചേർന്നത്. രണ്ടു തവണയായി ഏഴു വർഷത്തിലധികം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇയാൾ അവിഹിത നിയമനത്തിലൂടെ കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. ആരോപണം ഉയർന്നപ്പോഴെല്ലാം ഇയാളെ സംരക്ഷിക്കുകയായിരുന്നു മമത.