ന്യൂഡൽഹി
വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും വിമർശങ്ങളെയും നിശ്ശബ്ദമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർചെയ്ത് ഒരാളെ വർഷങ്ങളോളം ജയിലിലടയ്ക്കാനാകുമെന്ന് മറ്റുള്ളവർക്ക് ‘മുന്നറിയിപ്പ്’ നൽകുകയായിരുന്നു സർക്കാരെന്ന് ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സുബൈർ പറഞ്ഞു. തന്റെ മതവും അവർക്കൊരു കാരണമായി. വിദ്വേഷ പ്രസംഗക്കേസിലെ പ്രതികളെ വിദ്വേഷപ്രചാരകർ എന്ന് വിളിച്ചതിന് തനിക്കെതിരെ ഉത്തർപ്രദേശിൽ കേസെടുത്തത് വിചിത്രമാണ്. വാർത്തകളുടെ വസ്തുതകൾ പരിശോധിച്ചെന്നതാണ് മറ്റൊരു കേസ്, ഇത് തന്റെ ജോലിയാണ്. തിഹാർ ജയിലിലേക്ക് അയച്ചശേഷം ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശിൽ തനിക്കെതിരെ ഏഴ് കേസ് രജിസ്റ്റർ ചെയ്തു.
ഒരു വലിയ ഗൂഢാലോചനയിൽപ്പെട്ട് താൻ ശിക്ഷിക്കപ്പെടുമെന്ന് ഭയന്നു. തന്റെ ജാമ്യം സംബന്ധിച്ച സുപ്രീംകോടതി പുറപ്പെടുവിച്ചത് സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ്. തന്റെ മൊബൈൽ ഫോണും സിം കാർഡും പൊലീസിന്റെ കൈവശമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ആൾട്ട് ന്യൂസിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുബൈറിനെതിരെ ചുമത്തിയ ആറ് കേസിലും ബുധനാഴ്ച സുപ്രീംകോടതിയിൽനിന്ന് അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. 23 ദിവസത്തിനുശേഷമാണ് സുബൈർ ജയിൽമോചിതനായത്.