പാലക്കാട്
സംസ്ഥാനത്ത് പതിനൊന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത് 1,310 പേർ. കണ്ണൂർ ആറളത്ത് വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവ് പി എ ദാമുവും പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനുമാണ് ഒടുവിലത്തെ ഇരകൾ. ഇരുവരെയും കാട്ടാനയാണ് അക്രമിച്ചത്.
പാലക്കാട് ജില്ലയിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. 270 പേർ. സംസ്ഥാനത്താകെ അയ്യായിരത്തോളം പേർക്ക് പരിക്കേറ്റു. ആന, കാട്ടുപന്നി, പാമ്പ്, കടുവ, പുലി എന്നിവയാണ് അപകടകാരികൾ. ആനയാണ് പ്രധാനവില്ലൻ. ഇരുന്നൂറ് പഞ്ചായത്തിലായി 30 ലക്ഷം പേർ വന്യജീവി ഭീതി നേരിടുന്നുണ്ട്. ആന, പുലി, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ, മാൻ, മയിൽ തുടങ്ങിയവ കൃഷിയിടത്തിലേക്കിറങ്ങുന്നതും തലവേദനയാണ്. 39,000 കർഷകർക്ക് കൃഷിനാശമുണ്ടായതായാണ് കണക്ക്. മലയോരമേഖലയും വനാതിർത്തികളിലും 70 കോടി രൂപ മുടക്കി ആന പ്രതിരോധ വേലി, സോളാർ വേലി എന്നിവ നിർമിച്ചിരുന്നു.