കൊൽക്കത്ത> തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാർഥ ചാറ്റർജി അധ്യാപക നിയമനത്തിൽ കോടികളുടെ അഴിമതിയാണ് നടത്തിയത്. ബംഗാൾ സ്കൂൾ സർവീസ് കമീഷൻ നടത്തിയ പരീക്ഷയിലെ റാങ്ക് പട്ടിക മറികടന്ന് കോഴവാങ്ങി നിരവധി പേരെ അനധികൃതമായി നിയമിച്ചു.
തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ കൂടിയായ പാർഥ 2014 മുതൽ 2021 വരെ വിദ്യാഭ്യാസമന്ത്രിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 14 കേന്ദ്രത്തിൽ ഇഡി പരിശോധന നടത്തി. പാർഥയും നടി അർപ്പിത മുഖർജിയും തമ്മിലുള്ള പണമിടപാടിന്റെ തെളിവും ലഭിച്ചതായി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പാർഥയുടെ മറ്റൊരു സഹപ്രവർത്തക ഫ്ളാറ്റുകൾ വാങ്ങിക്കൂട്ടിയതിന്റെ രേഖകളും കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
മമത മന്ത്രിസഭയിലെ സഹമന്ത്രിയായ പരേഷ് അധികാരി, തൃണമൂൽ എംഎൽഎ മണിക്ക് ഭട്ടാചര്യ, പാർഥ ചാറ്റർജിയുടെ മരുമകൻ കല്യാൺമൊയ് ഭട്ടാചാര്യ, ബംഗാൾ സ്കൂൾ സർവീസ് കമീഷൻ ഉപദേഷ്ടാവ് എസ് പി സിൻഹ, ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ മുൻ പ്രസിഡന്റ് കല്യാൺമൊയ് ഗാംഗുലി തുടങ്ങിയവരെ കേസിൽ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ആരോപണ വിധേയരാണ് മറുപടി പറയേണ്ടതെന്നും തൃണമൂൽ വക്താവ് കുണാൽ ഘോഷ് പറഞ്ഞു. തൃണമൂൽ ഭരണത്തിൽ വ്യാപകമായ അഴിമതി അരങ്ങേറുന്നതായി തങ്ങൾ ഉന്നയിച്ച കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.
നിയമന തട്ടിപ്പിനെതിരെ ഇടതുപക്ഷ വിദ്യാർഥി യുവജന സംഘടനകൾ നാളുകളായി പ്രക്ഷോഭം നയിക്കുകയാണ്. അഴിമതിക്കാരനായ പാർഥയെ ഉടൻ പുറത്താക്കണമെന്നും മമത പ്രതികരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.