കോഴിക്കോട്
മുതിർന്ന നേതാക്കൾ ബഹിഷ്കരിച്ചതിനൊപ്പം നേതൃത്വത്തിലെ ഭിന്നസ്വരവും ചേർന്നതോടെ നയപരിപാടികൾ പരിഷ്കരിക്കാനുള്ള കോൺഗ്രസ് ചിന്തൻ ശിവിർ തുടക്കത്തിലേ പാളി. ദേശീയ പ്രവർത്തക സമിതി അംഗം എ കെ ആന്റണി, മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് കോഴിക്കോട്ട് ആരംഭിച്ച ചിന്തൻ ശിവിരത്തിൽനിന്ന് വിട്ടുനിന്നത്. ഉദ്ഘാടന സമ്മേളനത്തിന് കെ മുരളീധരനും എത്തിയില്ല. മകന്റെ വിവാഹമായതിനാലാണെന്ന് ഫോട്ടോ ഫേസ്ബുക്കിലിട്ട് അദ്ദേഹം വിട്ടുനിന്നതിനെ ന്യായീകരിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവരോടുള്ള അതൃപ്തിയാണ് കൂട്ടബഹിഷ്കരണത്തിന് പിന്നിൽ. രാജ്യസഭാ കാലാവധി പൂർത്തിയാക്കി എ കെ ആന്റണി മടങ്ങുമ്പോൾ ഇനി കേരളത്തിൽ പാർടിയെ നയിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അദ്ദേഹത്തെ പൂർണമായും തഴഞ്ഞായിരുന്നു ചിന്തൻ ശിവിർ സംഘാടനം. സുധാകരൻ പ്രസിഡന്റായതുമുതൽ കെപിസിസിയുമായി അകൽച്ചയിലായ മുല്ലപ്പള്ളിയാവട്ടെ വടകരയിലെ വീട്ടിലുണ്ടായിരുന്നിട്ടും വിട്ടുനിൽക്കുകയായിരുന്നു. ഞായറാഴ്ച താൻ പങ്കെടുക്കുന്ന കോഴിക്കോട്ടെ പയ്യോളി മണ്ഡലം ഐഎൻടിയുസി ശിൽപ്പശാലയുടെ പോസ്റ്റർ ഫേസ്ബുക്കിലിട്ട് എതിർപ്പ് അദ്ദേഹം പരസ്യമാക്കി. രാഷ്ട്രീയകാര്യസമിതിയിൽനിന്ന് രാജിവച്ച സുധീരനും നേതൃത്വവുമായി അകൽച്ചയിലാണ്.
‘ഞങ്ങൾ ചെയ്യേണ്ടതെല്ലാം’ ചെയ്തിട്ടുണ്ട് എന്നായിരുന്നു ബഹിഷ്കരണത്തെക്കുറിച്ച് സുധാകരന്റെ പ്രതികരണം. നേതാക്കൾ പങ്കെടുക്കാത്തത് അറിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘മിഷൻ 24’ പാനൽ ചർച്ചയിലും നേതൃത്വത്തിലെ ഭിന്നാഭിപ്രായം മറനീക്കി . ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശരിയായി നേരിടാൻ സാധിക്കുന്നില്ലെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ബിജെപിയെ മാത്രം ആക്രമിക്കുന്നത് കൊണ്ട് കേരളത്തിൽ നേട്ടമുണ്ടാക്കാനാവില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. കേന്ദ്രത്തെയും സിപിഐ എമ്മിനെയും ഒരുപോലെ കടന്നാക്രമിക്കണമെന്നും ഇവർ വാദിച്ചു. ഇത് പാർടിയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് ചേർന്നതല്ലെന്ന് മറുപക്ഷവും തിരിച്ചടിച്ചു. കെപിസിസി നേതൃത്വത്തിന്റെ പുതിയ ശൈലി പാർടിക്ക് ചേർന്നതല്ലെന്നും വിമർശനമുണ്ടായി. അണികളുടെ മോശം പ്രവണതകളെ ഏറ്റെടുക്കുന്നതും ചർച്ചയായി.
എതിർപ്പുയർത്തുന്നവരെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്ന് ശിവിർ വിലയിരുത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനംചെയ്ത ശിവിരം ഞായറാഴ്ച സമാപിക്കും.