കവളങ്ങാട് (കൊച്ചി)
കലാപങ്ങളുടെ വിഭജനശക്തിയാണ് മോദിയുടെ രാഷ്ട്രീയവിജയത്തിന്റെ മൂലധനമെന്ന് എൻ എസ് മാധവൻ പറഞ്ഞു. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടയിലുള്ള യൂറോപ്പിലെ ഫാസിസ്റ്റ് ഭരണങ്ങളുടെ സമാന്തരകാലഘട്ടത്തിലാണ് ഇന്ത്യയിപ്പോൾ. ആ ഫാസിസ്റ്റ് ഭരണങ്ങളെല്ലാം സായുധവിപ്ലവത്തിലൂടെയല്ല ഉണ്ടായതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുരോഗമന കലാസാഹിത്യസംഘം എറണാകുളം ജില്ലാ കമ്മിറ്റി പൈങ്ങോട്ടൂരിൽ സംഘടിപ്പിച്ച ‘വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സാംസ്കാരികകേരളം’ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ എസ് മാധവൻ. സിഖ് കലാപത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി നടത്തിയ ഗുജറാത്ത്, യുപി മുസാഫർനഗർ കലാപങ്ങളും കലാപത്തെ തെരഞ്ഞെടുപ്പുതന്ത്രമായി ഇവർ കാണുന്നതിന്റെ ഉദാഹരണങ്ങളാണ്.
കർഷകർ കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭം നടത്തിയപ്പോഴും ദളിത് വിഭാഗത്തെയടക്കം ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. കോവിഡ് പ്രതിരോധത്തിലും വിലക്കയറ്റം തടയുന്നതിലും പരാജയപ്പെട്ട കേന്ദ്രഭരണം ജനദ്രോഹനടപടികൾ തുടർന്നിട്ടും വീണ്ടും ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുന്നത് കലാപങ്ങളുടെ വിഭജനശക്തിയിലാണ്.
ഫാസിസ്റ്റ് ശക്തികൾക്ക് തുടർച്ചയായി അധികാരം കിട്ടുന്നതിന്റെ ഉത്തരവാദി നമ്മൾതന്നെയാണ്. വർഗീയതയ്ക്കെതിരെ ചിന്തിക്കുന്ന ജനങ്ങളാക്കി സമൂഹത്തെ മാറ്റേണ്ടതുണ്ട്. കേരളം, തമിഴ്നാട്, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾ ഈ മാറ്റത്തിന് ഉദാഹരണങ്ങളാണ്–- എൻ എസ് മാധവൻ പറഞ്ഞു.