ന്യൂഡൽഹി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ പരോക്ഷമായി സഹായിക്കുന്ന തൃണമൂൽ കോൺഗ്രസ് നിലപാട് നിരാശാജനകമാണെന്ന് പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥി മാർഗരറ്റ് ആൽവ പ്രതികരിച്ചു. മറുവാദത്തിനും അഹംഭാവത്തിനും ദേഷ്യപ്രകടനത്തിനുമുള്ള സമയമല്ലിതെന്ന് ആൽവ ട്വിറ്ററിൽ കുറിച്ചു. മറിച്ച് ധീരതയും നേതൃപാടവവും ഐക്യവും പ്രകടമാക്കേണ്ട സമയമാണിത്. മമത പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു–- ആൽവ പറഞ്ഞു.
വ്യാഴാഴ്ച മമത ബാനർജി വിളിച്ചുചേർത്ത എംപിമാരുടെ യോഗം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. തൃണമൂലുമായി കൂടിയാലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിച്ചെന്ന വിചിത്രന്യായമാണ് കാരണമായി തൃണമൂൽ മുന്നോട്ടുവച്ചത്. അതേസമയം തൃണമൂലുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന ആരോപണത്തെ മറ്റ് പ്രതിപക്ഷ പാർടികൾ തള്ളി. സോണിയ ഗാന്ധി രണ്ടുവട്ടം മമതയുമായി സംസാരിച്ചെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ബംഗാൾ ഗവർണറായിരുന്ന എൻഡിഎ സ്ഥാനാർഥിയായ ജഗ്ദീപ് ധൻഖർ മമതയുമായി പല വിഷയങ്ങളിലും ഏറ്റുമുട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച ഇരുവരും ഡാർജിലിങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി. ഡാർജിലിങ്ങിൽനിന്ന് ഡൽഹിക്കുപോയ ധൻഖർ വൈകാതെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി. ഡാർജിലിങ്ങിലെ യോഗം ദുരൂഹമാണെന്നും ബിജെപിയും മമതയുമായി ധാരണയിലായെന്നും സിപിഐ എം ബംഗാൾ സെക്രട്ടറി മുഹമദ് സലീം ചൂണ്ടിക്കാട്ടി.