നെടുമ്പാശേരി
രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ‘ആകാശ എയർ’ കൊച്ചിയിൽനിന്ന് സർവീസ് തുടങ്ങുന്നു. ബംഗളൂരു –- കൊച്ചി –- ബംഗളൂരു മേഖലയിൽ പ്രതിവാരം 28 സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവുംഅധികം സർവീസുകൾ കൊച്ചിയിൽനിന്നുമാണ് ആകാശ നടത്തുന്നത്.
ആഗസ്ത് 13 മുതൽ ആകാശയുടെ ബംഗളൂരു –- കൊച്ചി –- ബംഗളൂരു സർവീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി സിയാൽ അധികൃതർ പറഞ്ഞു. എല്ലാദിവസവും രണ്ട് സർവീസുകളുണ്ടാവും. രാവിലെ 8.30ന് ബംഗളൂരുവിൽനിന്നെത്തുന്ന ആദ്യവിമാനം 9.05ന് മടങ്ങും. 12.30ന് എത്തുന്ന രണ്ടാംവിമാനം 1.10ന് മടങ്ങും. ഇതോടെ കൊച്ചിയിൽനിന്ന് ആഴ്ചയിൽ ബംഗളൂരുവിലേക്ക് മൊത്തം 99 പുറപ്പെടൽ സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി –-ബംഗളൂരു സർവീസ് നടത്തുന്ന മറ്റ് എയർലൈനുകൾ.
കൊച്ചിയെക്കൂടാതെ ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നുമാത്രമാണ് ആകാശ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28ഉം കൊച്ചിയിൽനിന്നാണ്. കൂടുതൽ എയർലൈനുകളെ കൊച്ചിയിലെത്തിക്കാൻ സിയാൽ ചെയർമാനായ മുഖ്യമന്ത്രിയും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.