ന്യൂഡൽഹി
ബിഎസ്എൻഎല്ലിൽ മൂന്നരവർഷത്തിൽ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരം. രാജ്യസഭയിൽ വി ശിവദാസന് വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019ൽ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,16,088 പേർ ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നു. 2019ൽത്തന്നെ 1,15,634 പേരെ പിരിച്ചുവിട്ടു. തുടർന്നുള്ള വർഷങ്ങളിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാർ മൂന്നിലൊന്നായി ചുരുങ്ങി. 2017നുശേഷം ഒരാളെപ്പോലും ബിഎസ്എൻഎല്ലിൽ നിയമിച്ചിട്ടില്ല. ആയിരക്കണക്കിന് എൻജിനിയറിങ് ബിരുദധാരികൾക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇല്ലാതായത്. സ്പെക്ട്രം അനുവദിക്കാതെയും കാലോചിതമായ സാങ്കേതികവികാസം തടഞ്ഞും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചതിന്റെ ദയനീയ ചിത്രമാണ് ഈ കണക്കുകൾ വെളിവാക്കുന്നതെന്ന് ശിവദാസൻ പറഞ്ഞു.