ന്യൂഡൽഹി
മോദിസർക്കാർ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്ത് പകപോക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ. പ്രതിപക്ഷ രാഷ്ട്രീയ പാർടികളുടെ പ്രമുഖ നേതാക്കളെ ബോധപൂർവം ലക്ഷ്യമിട്ട് വേട്ടയാടുയാണ്. അങ്ങേയറ്റം അപലപനീയമായ ഈ നടപടിക്കെതിരെ ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം ശക്തമാക്കുമെന്നും 14 പ്രതിപക്ഷ രാഷ്ട്രീയ പാർടികളുടെ പാർലമെന്ററി പാർടി നേതാക്കൾ ഒപ്പിട്ട സംയുക്ത പ്രസ്താവന പറയുന്നു.
രാജ്യത്തിന്റെ സാമൂഹ്യഘടനയെ നശിപ്പിക്കുന്ന മോദിസർക്കാരിന്റെ ജനവിരുദ്ധവും കർഷകവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നയങ്ങൾക്കെതിരെ പൊരുതുമെന്നും പ്രസ്താവനയിൽ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), എളമരം കരീം (സിപിഐ എം), ബിനോയ് വിശ്വം (സിപിഐ), തിരുച്ചി ശിവ (ഡിഎംകെ), പ്രൊഫ. രാംഗോപാൽ യാദവ് (എസ്പി), കെ കേശവറാവു (ടിആർഎസ്), വൈകോ (എംഡിഎംകെ), ഡോ. തിരുമാളവൻ (വിസികെ), വന്ദന ചവാൻ (എൻസിപി), സഞ്ജയ് റാവത്ത് (ശിവസേന), അഹമ്മദ് അഷ്ഫഖ് (ആർജെഡി), ഹസ്നൈൻ മസൂദി (നാഷണൽ കോൺഫറൻസ്), ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്. തൃണമൂൽ കോൺഗ്രസ്, എഎപി എന്നീ പാർടികൾ വിട്ടുനിന്നു.