ഒറിഗോൺ
ടോക്യോ ഒളിമ്പിക്സിൽ ഫെെനലിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല ഫെങ് ബിന്നിന്. എന്നാൽ, ഒരുവർഷത്തിനിപ്പുറം ചെെനക്കാരി ലോക ചാമ്പ്യനായി. വനിതകളുടെ ഹാമർത്രോയിൽ 69.12 മീറ്റർ എറിഞ്ഞ് മികച്ച ദൂരത്തിലാണ് ഇരുപത്തെട്ടുകാരി ലോക കിരീടം ചൂടിയത്. സൂപ്പർ താരം ക്രൊയേഷ്യയുടെ സാന്ദ്ര പെർക്കോവിച്ചിനാണ് വെള്ളി (68.45). അമേരിക്കയുടെ വലേറി ഓൾമാൻ (68.30) വെങ്കലം നേടി. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ മിന്നുന്ന പ്രകടനത്തോടെ കസാക്കിസ്ഥാന്റെ നോറാ ജെറൂട്ടോ ചാമ്പ്യനായി. ചാമ്പ്യൻഷിപ് റെക്കോഡോടെയാണ് കെനിയൻ വംശജയുടെ നേട്ടം.
ഹാമറിൽ അപ്രതീക്ഷിതമായിരുന്നു ഫെങ്ങിന്റെ സ്വർണനേട്ടം. ടോക്യോ ഒളിമ്പിക്സിൽ 60.45 മീറ്റർമാത്രമാണ് എറിയാനായത്. ഈ വർഷം ഏപ്രിലിൽ 66 മീറ്ററിൽ സീസണിലെ മികച്ച ദൂരം കുറിച്ചു. മൂന്നുമാസത്തിന്റെ ഇടവേളയിൽ മൂന്നു മീറ്റർ കൂടുതൽ എറിഞ്ഞ് ലോക അത്-ലറ്റിക്സ് ചാമ്പ്യൻഷിപ് സ്വർണവും സ്വന്തമാക്കി.
പെർക്കോവിച്ചിന് ഈ വെള്ളി ഉൾപ്പെടെ ആകെ അഞ്ച് ലോകമെഡലായി. അതിൽ രണ്ട് സ്വർണം. രണ്ട് ഒളിമ്പിക് സ്വർണവുമുണ്ട് മുപ്പത്തിരണ്ടുകാരിക്ക്. അതേസമയം, ദോഹ മീറ്റിലെ ചാമ്പ്യനായ ക്യൂബയുടെ യയ്മെ പെരെസ് നിരാശപ്പെടുത്തി. ഏഴാംസ്ഥാനമാണ് നേടാനായത്.
സ്റ്റീപ്പിൾചേസിൽ എട്ടു മിനിറ്റ് 53.02 സെക്കൻഡിലാണ് ജെറൂട്ടോ ഒന്നാമതെത്തിയത്. എത്യോപ്യയുടെ വെർക്കുഹ ഗെറ്റാച്യു, മെക്കിഡെസ് അബെബെ എന്നിവർക്കാണ് യഥാക്രമം വെള്ളിയും വെങ്കലവും. ഇന്ന് 200 മീറ്റർ ഫെെനൽ നടക്കും. വനിതാവിഭാഗം ഫെെനൽ ഇന്ത്യൻ സമയം രാവിലെ 8.05നാണ്. പുരുഷ ഫെെനൽ 8.20നും.