കൊച്ചി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക. കേസിലെ എട്ടാംപ്രതി ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ശരത്താണ് കൊണ്ടുവന്നതെന്നും ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനഃപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നുമാണ് കണ്ടെത്തൽ. 1500 പേജുള്ള റിപ്പോർട്ടിൽ മെമ്മറി കാർഡിന്റെ ഹാഷ്വാല്യു മാറിയത് ഉൾപ്പെടെ തുടരന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നു. എന്നാൽ, ഇതിനായി ഉപയോഗിച്ച വിവോ ഫോൺ കണ്ടെത്താനായില്ല.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന് കിട്ടിയതായി അന്വേഷകസംഘം സംശയിക്കുന്നുണ്ട്. ഇത് തെളിയിക്കാൻ നേരിട്ടുള്ള തെളിവുകളില്ല. എന്നാൽ, പലരുടെയും മൊഴികളും സംഭാഷണത്തിന്റെ ശബ്ദരേഖകളും അന്വേഷകസംഘത്തിന്റെ കൈവശമുണ്ട്.
ദിലീപിന് ലഭിച്ച ദൃശ്യങ്ങൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സമർപ്പിച്ച വിവരം വിചാരണക്കോടതിയിലും പ്രോസിക്യൂഷൻ അറിയിക്കും.