ന്യൂഡൽഹി
വനത്തിലോ വനഭൂമിയിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് സുപ്രീംകോടതി. പഞ്ചാബ് ഭൂസംരക്ഷണ നിയമത്തിലെ വനം, വനംഭൂമി തുടങ്ങിയ പ്രയോഗങ്ങളുടെ അർഥം വിശദീകരിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
1980ലെ വനസംരക്ഷണ നിയമത്തിന്റെ രണ്ടാംവകുപ്പിൽ വനഭൂമി മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1980 ഒക്ടോബർ 25നാണ് ഈ നിയമം പാസാക്കുന്നത്. പ്രസ്തുത നിയമം പാസായതിനുശേഷം വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകാൻ സംസ്ഥാനങ്ങൾക്ക് പരിമിതികളുണ്ടെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ, 1980 ഒക്ടോബർ 25ന് ശേഷം വനഭൂമിയിൽ നിലവിൽ വന്ന അനധികൃത നിർമാണങ്ങളും മറ്റും നീക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു. പഞ്ചാബ് ഭൂസംരക്ഷണ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് വനഭൂമികളിലെ വിവാഹ ഹാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഈ പ്രദേശങ്ങൾ 1980ലെ വനഭൂമി സംരക്ഷണ നിയമത്തിൽ ഉൾപ്പെടില്ലെന്നായിരുന്നു ഹർജിക്കാരുടെ അവകാശവാദം.