ന്യൂഡൽഹി
ഒന്നരവർഷംകൊണ്ട് പത്തു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി വാഗ്ദാനം നൽകിയോ എന്ന വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് ഒഴിവുകൾ നികത്താൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന അവ്യക്തമായ മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ജിതേന്ദ്ര സിങ് നൽകിയത്. കഴിഞ്ഞ അഞ്ചുവർഷത്തെ കരാർ നിയമനങ്ങളുടെ എണ്ണം എത്രയെന്ന ചോദ്യത്തിന് ഓരോ മന്ത്രാലയവും അവരുടെ താൽപ്പര്യമനുസരിച്ച് നിയമിക്കുകയാണെന്നും മറുപടി നൽകി. എട്ടരലക്ഷം കേന്ദ്ര സർക്കാർ ഒഴിവാണ് നിലവിലുള്ളത്. അപ്രഖ്യാപിത നിയമന നിരോധനമായതോടെ കരാർ നിയമനങ്ങൾ കുത്തനെ കൂടിയന്ന് -വി ശിവദാസൻ വിമർശിച്ചു.