ന്യൂഡൽഹി
അവശ്യസാധനങ്ങൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് 14ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ആഗസ്ത് ഒന്നുമുതൽ രണ്ടാഴ്ചത്തെ പ്രചാരണം നടത്തും.
മോദി ഭരണത്തിൽ ഇന്ധനവിലവർധനയും പാചകവാതക വിലവർധനയും കാരണം ദുരിതത്തിലായ ജനങ്ങൾക്കുമേൽ നടത്തുന്ന ക്രൂരമായ ആക്രമണമാണ് ജിഎസ്ടി ചുമത്തലെന്ന് ജനറൽ സെക്രട്ടറി തപൻ സെൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ അരി, ഗോതമ്പ്, പയറുവർഗങ്ങൾ തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കൾക്കും തൈര്, പനീർ, മാംസം, മീൻ, ശർക്കര തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും രാജ്യത്ത് നികുതി ചുമത്തിയിട്ടില്ല. സ്ഥിരവരുമാനമില്ലാത്ത, ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ തീരുമാനം ഗുരുതരമായി ബാധിക്കും. പ്രക്ഷോഭത്തിൽ തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.