ന്യൂഡൽഹി> ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർത്ഥിയായ മാർഗരറ്റ് അൽവയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. ഇരുസഭകളിലുമായി 35 എംപിമാരുള്ള തങ്ങളുടെ പാർടിയുമായി വേണ്ടത്ര കൂടിയാലോചിക്കാതെയാണ് അൽവയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതെന്നും അതുകൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നും തൃണമൂൽ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി അറിയിച്ചു.
മാർഗരറ്റ് അൽവയുമായി മമതയ്ക്ക് നല്ല ബന്ധമുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങളുടെ പേരിൽ മാത്രം തെരഞ്ഞെടുപ്പിൽ നിലപാട് തീരുമാനിക്കാനാവില്ല. എംപിമാരോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. 85 ശതമാനം എംപിമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാമെന്ന് അഭിപ്രായപ്പെട്ടു. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖറിനെയും പിന്തുണയ്ക്കില്ല–- അഭിഷേക് ബാനർജി പറഞ്ഞു.