ന്യൂഡല്‍ഹി> ജാതി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്നാട്ടിലെ ഒരു ജില്ലയൊഴിച്ച് മറ്റെല്ലാ ജില്ലകളിലും ദളിതര്‍ക്കെതിരായ അതിക്രമ സാധ്യത നിലനില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ രേഖകളെ ഉദ്ദരിച്ച് ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
38 ജില്ലകളില്‍ 37 എണ്ണത്തിലും ഇത്തരത്തില്‍ അതിക്രമം നടക്കുന്നു . 345 ഗ്രാമങ്ങളാണ് ഇൗ ജില്ലകളിലാകെ വ്യാപിച്ചുകിടക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം ജൂലൈ 19 ന് പുറത്തുവിട്ട കണക്കാണിത്. ഇതില്‍ ഏഴ് ജില്ലയിലെ 27 ഗ്രാമങ്ങള്‍ അതിക്രമ സാധ്യത നിലനില്‍ക്കുന്നവയാണെന്ന് 2020 ലും കണ്ടെത്തിയിരുന്നു-അഭ്യന്തര വകുപ്പ് വ്യക്തമാക്കി.
തെലങ്കാന കോണ്‍ഗ്രസ് എംപി വെങ്കട്ട റെഡ്ഡി, തെലങ്കാന രാഷ്ട്ര സമിതി എംപി മന്നൈ ശ്രീനിവാസ് റെഡ്ഡി എന്നിവരുടെ ലോക്സഭയുടെ ചോദ്യങ്ങള്‍ക്കാണ് അഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്. അതേസമയം, 2016 നും -2020 നുമിടയില്‍ 300 കൊലപാതകങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ നടന്നിട്ടുണ്ടെന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച വിവരാവകാശ രേഖ വ്യക്തമാക്കി. ഇരകള്‍ കൂടുതലും ദളിത് വിഭാഗത്തില്‍ പെട്ടവരായിരുന്നു. മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ് വിവരങ്ങള്‍ ശേഖരിച്ചത്.
ആന്ധ്രാ, ബിഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക,മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ആന്തമന്‍,നിക്കോബാര്‍ ഐലന്റ് എന്നിവിടങ്ങള്‍ ദളിത് അതിക്രമ മേഖലകളാണെന്നും അഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.