റിയാദ്> കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനിൽപ്പുകളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.
ബദിയ ഏരിയ പരിധിയിൽ നടന്ന സെമിനാർ, റൗദ ഏരിയാ കമ്മിറ്റി അംഗം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങൾക്ക് ശേഷം വാക്കുകൾക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു എന്നും, ഇന്ന് പാർലമെന്റിനകത്തെ നിരോധനം മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മേൽ അടിച്ചേൽപ്പിക്കുന്ന സമയം അതിവിദൂരമല്ലെന്നും, ഫാസിസത്തിന്റെ ഈ കടന്നു കയറ്റത്തെ ചെറുത്ത് നിൽക്കാൻ പൊതുജനത്തിന് നേതൃത്വം നൽകേണ്ട പ്രധാന പ്രതിപക്ഷം സ്വന്തം അണികളെയും നേതാക്കന്മാരെയും സംരക്ഷിക്കാൻ പോലും കഴിയാത്ത ദുർബ്ബലാവസ്ഥയിലാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേളി കേന്ദ്ര കമ്മിറ്റി അംഗവും, സാംസ്കാരിക സമിതി ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ മോഡറേറ്ററായി. ഏരിയാ സാംസ്കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട പ്രബന്ധം അവതരിപ്പിച്ചു. പ്രഭാകരൻ ചർച്ചക്ക് മറുപടി പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ രക്ഷാധികാരി സമിതി കൺവീനർ മധു ബാലുശ്ശേരി, ഏരിയാ സമ്മേളന സംഘാടക സമിതി കൺവീനർ സരസൻ, ഏരിയ ആക്ടിംഗ് പ്രസിഡന്റ് ജയഭദ്രൻ എന്നിവർ സെമിനാറിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം സ്വാഗതവും ഏരിയാ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് നന്ദിയും പറഞ്ഞു.