ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച ചോദ്യം ചെയ്യും. ആരോഗ്യകാരണങ്ങളാൽ മുമ്പ് ഒന്നിലേറെ തവണ സോണിയ സമയം നീട്ടിവാങ്ങി. രാഹുൽ ഗാന്ധിയെ അഞ്ച് ദിവസം 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. അറസ്റ്റടക്കം നടപടികളിലേക്ക് ഇഡി കടക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ ചോദ്യംചെയ്തപ്പോൾ നടത്തിയതിനു സമാനമായ പ്രതിഷേധം ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചു.
അന്വേഷണഏജൻസികളെ രാഷ്ട്രീയആയുധമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിന് മറ്റ് പ്രതിപക്ഷപാർടികളും പിന്തുണയ്ക്കണമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ മല്ലികാർജുൻഖാർഗെയും ജയ്റാം രമേശും അഭ്യർഥിച്ചു. കേരളത്തിൽ ഇഡിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന കോൺഗ്രസ് ഡൽഹിയിൽ സ്വന്തം നേതാക്കളെ ഇഡി വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശം ശക്തമായി.