ചണ്ഡീഗഢ്
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന രണ്ടു ഗുണ്ടാനേതാക്കളെ പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ സ്ക്വാഡ് വെടിവച്ച് കൊന്നു. ജഗ്രുപ് സിങ് രൂപ, മൻപ്രീത് സിങ് (മന്നുകുസ്സ) എന്നിവരെയാണ് നാലു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്. മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. അമൃത്സറിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭക്ന ഗ്രാമത്തിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഒരു മാധ്യമപ്രവർത്തകന്റെ കാലിന് വെടിയേറ്റു.
പ്രതികളിൽനിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തു.ഗ്രാമത്തിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന പ്രതികള്‍ പൊലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജഗ്രൂപ് സിങ്ങാണ് ആദ്യം കൊല്ലപ്പെട്ടത്. ശേഷം ഒരു മണിക്കൂറോളം മന്‍പ്രീത് സിങ് വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. നാലു മണിയോടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
സിദ്ധു മൂസ്വാലയെ ആദ്യം വെടിവച്ചത് മന്‍പ്രീത് സിങ്ങാണെന്നാണ് പൊലീസ് ഭാഷ്യം. മറ്റൊരു പ്രതി ദീപക് മുണ്ടിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. മെയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിനു സമീപമാണ് സിദ്ധു വെടിയേറ്റ് മരിച്ചത്.